
മനാമ: ബഹ്‌റൈന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ യുഎഇയും സൗദി അറേബ്യയും ശക്തമായി അപലപിച്ചു. ബഹ്‌റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ ഒരു ബഹ്‌റൈൻ പൗരനും ഒരു പാകിസ്ഥാൻ സ്വദേശിക്കും പരിക്കേറ്റു. ഇതിനിടെ, സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ അയച്ച ഡ്രോൺ സൗദി സഖ്യസേന ആകാശത്തുവെച്ച് തകർത്തു.
ഇന്നലെ ബഹ്‌റൈനിലുണ്ടായ ഇറാൻ വ്യോമാക്രമണത്തിൽ ഒരു കേന്ദ്രത്തിൽ തീപിടിത്തമുണ്ടാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ ബഹ്‌റൈൻ പൗരന്‍റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും പാകിസ്ഥാൻ സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും ചികിത്സയിലാണ്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇറാൻ റെവല്യൂഷണറി ഗാർഡ് ഏറ്റെടുത്തിരുന്നു. എന്നാൽ, ആക്രമണത്തെ ന്യായീകരിക്കാനുള്ള ഇറാന്‍റെ വാദങ്ങൾ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. സിവിലിയൻ വ്യവസായ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നും ഇത് സാധാരണക്കാരുടെ ജീവന് നേരിട്ടുള്ള ഭീഷണിയും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണെന്നും ബഹ്‌റൈൻ വ്യക്തമാക്കി.
ബഹ്‌റൈനിലെ ആക്രമണം ശത്രുതാപരമായ നടപടിയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ബഹ്‌റൈന്റെ പരമാധികാരത്തെയും സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന നീക്കമാണിതെന്നും ബഹ്‌റൈന് പൂർണ്ണ പിന്തുണ നൽകുന്നതായും യുഎഇ വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
റിയാദിലേക്ക് ഹൂതി ഡ്രോൺ
അതേസമയം, ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ഡ്രോൺ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വിജയകരമായി തകർത്തു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ഡ്രോൺ തകർക്കാനായതായി സഖ്യസേനാ വക്താവ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam