വീണ്ടും ഭരണപ്രതിസന്ധി; നേപ്പാള്‍ ജനപ്രതിനിധി സഭ പിരിച്ച് വിട്ട്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്‍റ്

By Web TeamFirst Published May 22, 2021, 11:15 AM IST
Highlights

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഒലിയും നേപ്പാള്‍ കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹാദുര്‍ ദേബുവായും പരാജയപ്പെട്ടെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. ഇരുവിഭാഗവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നതിനിടെയാണ് നടപടി. 

നേപ്പാള്‍ ജനപ്രതിനിധി സഭ പിരിച്ച് വിട്ട് പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി. നവംബര്‍ 12നും19നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദ്ദേശം. കടുത്ത ഭരണ പ്രതിസന്ധി നിലനില്‍ക്കെ കെ പി ശര്‍മ്മ ഒലിയുടേയും പ്രതിപക്ഷ നേതാവ് ഷേര്‍ ബഹാദൂര്‍ ദേബുവായുടേയും അവകാശവാദങ്ങള്‍ തള്ളിയാണ്  പ്രസിഡന്‍റിന്‍റെ നടപടി. ഇരുവിഭാഗവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സ്ഥിതിയില്‍ അല്ലെന്നാണ് പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ വിലയിരുത്തല്‍.

അര്‍ധരാത്രിയില്‍ പ്രധാനമന്ത്രി ഒലിയുടെ നേതൃത്വത്തില്‍ നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് 275 അംഗ ജനപ്രതിനിധി സഭ പിരിച്ചുവിട്ടത്. കഴിഞ്ഞ ഡിസംബര്‍ 20നും പ്രസിഡന്‍റ് ജനപ്രതിനിധിസഭ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ജനപ്രതിനിധി സഭയെ തിരിച്ചെടുക്കുകയായിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 12നും രണ്ടാം ഘട്ടം നവംബര്‍ 19നും നടത്താനാണ് തീരുമാനം.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഒലിയും നേപ്പാള്‍ കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹാദുര്‍ ദേബുവായും പരാജയപ്പെട്ടെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. ഇരുവിഭാഗവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നതിനിടെയാണ് നടപടി. നേപ്പാളിലെ ഭരണ പ്രതിസന്ധി വെള്ളിയാഴ്ച പുതിയ തലത്തിലേക്ക് എത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന ജനപ്രതിനിധികളുടെ കത്ത് ഇരുവിഭാഗവും സമര്‍പ്പിച്ചിരുന്നു.

153 ജനപ്രതിനിധികളുടെ പിന്തുണയാണ് ഒലി അവകാശപ്പെട്ടത്. ഖനാല്‍ നേപ്പാള്‍ വിഭാഗത്തിന്‍റെ പിന്തുണയോടെ 176 ജനപ്രതിനിധികളുടെ പിന്തുണയാണ് ഷേര്‍ ബഹാദുര്‍ ദേബുവാ അവകാശപ്പെട്ടത്. ഭൂരിപക്ഷം ഉണ്ടായിട്ടും ഒലി ഭരണകൂടത്തിന് നേരെ കഴിഞ്ഞ വര്‍ഷം രണ്ടു തവണയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഇതോടെ നേപ്പാളില്‍ ഭരണപ്രതിസന്ധി പുതിയ തലത്തിലേക്കാണ് എത്തുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!