'പരസ്യം നല്‍കുന്നതില്‍ വര്‍ണ്ണവിവേചനം'; മാക് ഡൊണാല്‍ഡിനെതിരെ 1000 കോടി ഡോളറിന്‍റെ കേസ്

By Web TeamFirst Published May 21, 2021, 10:19 AM IST
Highlights

ബൈറന്‍ അലന്‍റെ ഉടമസ്ഥതയിലുള്ള എന്‍റര്‍ടെയ്മെന്‍റ് സ്റ്റുഡിയോ നെറ്റ്വര്‍ക്ക്, ലൈഫ് സ്റ്റൈല്‍ ചാനല്‍, കാലവസ്ഥ ചാനല്‍ എന്നിവയ്ക്ക് ചിക്കാഗോ ആസ്ഥാനമായ  മാക് ഡൊണാല്‍ഡ് പരസ്യം നല്‍കാന്‍ വിസമ്മതിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. 

ന്യൂയോര്‍ക്ക്: പ്രമുഖ ഭക്ഷണശൃംഖല കമ്പനിയായ മാക് ഡൊണാല്‍ഡ്സിനെതിരെ 1000 കോടി അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കി മാധ്യമ കമ്പനികള്‍. മാധ്യമ സംരംഭകന്‍ ബൈറന്‍ അലന്‍റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളാണ് പരാതിയുമായി ലോസ് അഞ്ചലോസ് സുപ്പീരിയര്‍ കോര്‍ട്ടിനെ സമീപിച്ചത്. മാക് ഡൊണാല്‍ഡ് പരസ്യം നല്‍കുന്നതിന് കറുത്തവര്‍ഗ്ഗക്കാര്‍ ഉടമകളായ മാധ്യമ സ്ഥാപനങ്ങളെ ഒഴിവാക്കുന്നു എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം.

ബൈറന്‍ അലന്‍റെ ഉടമസ്ഥതയിലുള്ള എന്‍റര്‍ടെയ്മെന്‍റ് സ്റ്റുഡിയോ നെറ്റ്വര്‍ക്ക്, ലൈഫ് സ്റ്റൈല്‍ ചാനല്‍, കാലവസ്ഥ ചാനല്‍ എന്നിവയ്ക്ക് ചിക്കാഗോ ആസ്ഥാനമായ  മാക് ഡൊണാല്‍ഡ്സ് പരസ്യം നല്‍കാന്‍ വിസമ്മതിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മാക് ഡൊണാല്‍ഡ്സിന്‍റെ ഉപയോക്താക്കളില്‍ 40 ശതമാനം കറുത്തവര്‍ഗ്ഗക്കാരാണ്, എന്നിട്ടും 2019 ലെ കണക്ക് അനുസരിച്ച്  മാക് ഡൊണാല്‍ഡിന്‍റെ അമേരിക്കയിലെ 5 ശതകോടിയുടെ പരസ്യ ബഡ്ജറ്റില്‍ നിന്നും വെറും 1.6 ദശലക്ഷം മാത്രമാണ് കറുത്തവര്‍ഗ്ഗക്കാര്‍ ഉടമകളായ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് പരാതിയില്‍ പറയുന്നു.

പുറമേ പങ്കാളിത്തവും, വൈവിദ്ധ്യത്തിന്‍റെ ആവശ്യകതയും പറയുമെങ്കിലും ഇത്തരം കാര്യങ്ങളില്‍ പഴയ നിലപാട് തന്നെയാണ്  മാക് ഡൊണാല്‍ഡ്സ് എന്നാണ് പരാതി പറയുന്നത്. അതേ സമയം തങ്ങള്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നല്‍കുന്ന പരസ്യങ്ങളുടെ നിരക്ക് ഇതുവരെ 2 ശതമാനാമാണെന്നും അത് 2024 ഓടെ 5 ശതമാനാമായി വര്‍ദ്ധിപ്പിക്കും എന്നാണ് കേസ് വന്ന ദിവസം  മാക് ഡൊണാല്‍ഡ് പ്രതികരിച്ചത്. ഒപ്പം അമേരിക്കയിലെ മറ്റ് വിഭാഗങ്ങളുടെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പരസ്യങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

അതേ സമയം കേസില്‍ ഉചിതമായ മറുപടി കോടതിയില്‍ നല്‍കുമെന്നും ഫുഡ് ചെയിന്‍ കമ്പനി പ്രതികരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ജനറല്‍ മോട്ടേര്‍സ് കറുത്തവര്‍ഗ്ഗക്കാരുടെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പരസ്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!