
ടെൽ അവീവ്: പ്രോസ്റ്റേറ്റ് ട്യൂമറിനു ചികിത്സയിലായിരുന്നു എന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിനിടയിൽ ഇറാന്റെ വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കാൻ തന്റെ മെഡിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് വൈകിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു എന്നും നെതന്യാഹു വ്യക്തമാക്കി. ട്യൂമർ കണ്ടെത്തി നീക്കം ചെയ്തുവെന്ന് നെതന്യാഹു സ്ഥിരീകരിച്ചു. താൻ പൂർണ ആരോഗ്യവാനാണെന്നും നിരീക്ഷണം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന് നന്ദി, താൻ ഇപ്പോൾ ആരോഗ്യവാനാണ് എന്നാണ് നെതന്യാഹു സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.
തന്‍റെ വാർഷിക ആരോഗ്യ പരിശോധനാ റിപ്പോർട്ട് പരസ്യപ്പെടുത്തിയപ്പോഴാണ് 76-കാരനായ നെതന്യാഹു രോഗവിവരത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. 2024 ഡിസംബറിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെ തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടർപരിശോധനയിലാണ് പ്രോസ്റ്റേറ്റിൽ ഒരു സെന്റിമീറ്ററിൽ താഴെ വലിപ്പമുള്ള ട്യൂമർ കണ്ടെത്തിയതെന്ന് നെതന്യാഹു ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. രോഗം നേരത്തെ തന്നെ കണ്ടെത്താൻ സാധിച്ചുവെന്നും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നും പരിശോധിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട ചെറിയൊരു ആരോഗ്യ പ്രശ്നമായിരുന്നുവെന്നും അത് പൂർണമായും ചികിത്സിച്ചു ഭേദമാക്കിയെന്നും നെതന്യാഹു വ്യക്തമാക്കി. അതേസമയം തന്റെ വാർഷിക മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടാൻ രണ്ടു മാസത്തെ താമസം വരുത്തിയത് ഇറാൻ കുപ്രചരണം നടത്താതിരിക്കാൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെതന്യാഹു ഏകദേശം രണ്ടര മാസം മുമ്പ് റേഡിയേഷൻ തെറാപ്പിക്ക് വിധേയനാകാൻ തുടങ്ങിയെന്നും അടുത്തിടെയാണ് ചികിത്സ പൂർത്തിയാക്കിയതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023ൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നെതന്യാഹുവിന് പേസ് മേക്കർ ഘടിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam