
ടെൽ അവിവ്: ഇറാനിലെ ജനങ്ങൾക്ക് പുതുവത്സരാശംസ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പേർഷ്യൻ പുതുവത്സര ആഘോഷമായ നൗറൂസിന് മുന്നോടിയായാണ് ആശംസ നേർന്നത്. ഇറാനിലെ ധീരരായ ജനങ്ങൾക്ക് പ്രകാശം നിറഞ്ഞ, സന്തോഷകരമായ അവധിക്കാലം ആശംസിക്കുന്നു എന്നാണ് നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. വെളിച്ചം ഇരുട്ടിനെ അതിജീവിക്കുമെന്നും നന്മ തിന്മയെ ജയിക്കുമെന്നുമാണ് ഇറാനിലെ ജനതയുടെ കാലാകാലമായുള്ള വിശ്വാസമെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക അർത്ഥമുണ്ട്. നൗറൂസ് ആശംസകൾ നേരാൻ താൻ ഈ അവസരം ഉപയോഗിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ഒരു വർഷം. നിങ്ങൾക്കെല്ലാവർക്കും പ്രതീക്ഷയുടെ ഒരു പുതിയ തുടക്കം ആശംസിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നെതന്യാഹുവിന്‍റെ പുതിയ വീഡിയോ സന്ദേശം പുറത്തുവന്നത്.
നേരത്തെ പുറത്തുവന്ന കോഫി ഷോപ്പിലെ വീഡിയോ എഐ നിർമിത ഡീപ് ഫേക്ക് ആണെന്ന വാദങ്ങൾക്കിടെ നെതന്യാഹുവിന്‍റെ മറ്റൊരു വീഡിയോയും പുറത്തുവന്നിരിക്കുകയാണ്. സൈനിക വേഷത്തിലും അല്ലാതെയും ഉള്ള സ്ത്രീകളോട് നെതന്യാഹു സംസാരിക്കുന്ന വീഡിയോ ആണ് ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും മുൻപ് പ്രചരിച്ച കോഫി ഷോപ്പ് വീഡിയോ ഡീപ്പ് ഫേക്ക് ആണെന്ന വാദങ്ങൾക്കും ഇടയിലാണ് നെതന്യാഹു 90 സെക്കൻഡ് ദൈർഘ്യമുള്ള പുതിയ വീഡിയോ പങ്കുവച്ചത്.
‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു ജയിക്കാം’ എന്നാണ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ പറയുന്നത്. നെതന്യാഹുവിന്‍റെ 6 വിരലുകളുള്ള എഐ വിഡിയോ പ്രചരിച്ചതിനു പിന്നാലെ അദ്ദേഹം ജീവനോടെയില്ലെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ ഇസ്രയേൽ ആ വാർത്തകൾ നിഷേധിച്ചു. പിന്നാലെയാണ് ഒന്നിലധികം വീഡിയോകൾ നെതന്യാഹുവിന്‍റെ ഔദ്യോഗിക അക്കൌണ്ടിൽ നിന്നടക്കം പുറത്തുവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam