ചൈനയില്‍ 24,473 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

By Web TeamFirst Published Nov 19, 2022, 4:04 PM IST
Highlights

അടച്ച് പൂട്ടല്‍ നേരിടുന്ന നഗരങ്ങളിലേക്കുള്ള അവശ്യസര്‍വ്വീസുകള്‍ പലതും കാര്യക്ഷമമായല്ല പ്രവര്‍കത്തിക്കുന്നതെന്നും ഇതിനാല്‍ ജനങ്ങള്‍ വലിയ ദുരതമാണ് അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

ഷാങ്ഹായ്: ലോകമെങ്ങും കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ ചൈനയില്‍ രോഗാണു പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 24,473 പുതിയ രോഗബാധയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനത്തെ തുടര്‍ന്ന് പല നഗരങ്ങളിലും അടച്ച് പൂട്ടല്‍ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഷി ജിങ് പിങിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചൈന രോഗ വ്യാപനത്തിന്‍റെ തുടക്കം മുതല്‍ സീറോ കൊവിഡ് പോളിസിയാണ് പിന്തുടരുന്നത്. ഇതിന്‍റെ ഫലമായി ഒരു നഗരത്തില്‍ ഒരു കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചാല്‍ ആ നഗരം മുഴുവനായും അടച്ച് പൂട്ടാന്‍ നിര്‍ബന്ധിതമായിരുന്നു. 

എന്നാല്‍, നിലവില്‍ ഏപ്രില്‍ മാസത്തെക്കാള്‍ കൂടുതല്‍ രോഗികള്‍ രാജ്യത്തുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ സീറോ കൊവിഡ് പോളിസിയെ തുടര്‍ന്ന് കഠിനമായ അടച്ച്പൂട്ടലുകളിലേക്ക് രാജ്യം കടന്നത് വലിയ പ്രതിഷേധമാണ് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ കര്‍ശനമായ അടച്ച് പൂട്ടല്‍ വ്യവസ്ഥകളെ തുടര്‍ന്ന് അടിയന്തര ചികിത്സ ലഭിക്കേണ്ടിയിരുന്ന രണ്ട് കുട്ടികള്‍ മരിച്ചത് ഏറെ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. പല നഗരങ്ങളിലും ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്നതിലേക്ക് വരെയെത്തി കാര്യങ്ങള്‍. അടച്ച് പൂട്ടല്‍ നേരിടുന്ന നഗരങ്ങളിലേക്കുള്ള അവശ്യസര്‍വ്വീസുകള്‍ പലതും കാര്യക്ഷമമായല്ല പ്രവര്‍കത്തിക്കുന്നതെന്നും ഇതിനാല്‍ ജനങ്ങള്‍ വലിയ ദുരതമാണ് അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ജനങ്ങള്‍ സര്‍ക്കാറിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ തിരിഞ്ഞു. 

ഇതോടെ അടച്ച് പൂട്ടലിന്‍റെ ആഘാതം കുറയ്ക്കാനുള്ള ശ്രമങ്ങളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രംഗത്തെത്തി. രോഗബാധ കൂടിയതോടെ ബീജിംഗിലെ ചായോയാങ് ജില്ലയിലെ നിരവധി ബിസിനസുകൾ അടച്ചുപൂട്ടുകയോ സേവനങ്ങള്‍ പരിമിതമാക്കുകയോ ചെയ്തു. ചൈനയിലെ മറ്റ് പ്രവിശ്യകളില്‍ പടര്‍ന്ന് പിടിക്കുന്ന ഒമിക്രാൺ വകഭേദം ബീജിംഗിലേക്ക് പടരുന്നത് തടയുമെന്ന പ്രതീക്ഷയിൽ ബീജിംഗ് അധികൃതർ അതീവ ജാഗ്രതയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജാഗ്രത പാലിക്കുമ്പോഴും രാജ്യത്ത് രോഗബാധ കൂടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്വാങ്‌ഷോ നഗരത്തിലും രോഗവ്യാപനം ശക്തമാണ്. രോഗവ്യാപനം നേരിടാന്‍  2,50,000-ലധികം കിടക്കകളുള്ള ആശുപത്രി നിർമ്മിക്കുമെന്ന് ഗ്വാങ്‌ഷോ അധികൃതർ പ്രഖ്യാപിച്ചു. ഇതിനിടെ ശക്തമായ അടച്ചിടലിനെ തുടര്‍ന്ന് ഗ്വാങ്ഷോയിലാണ് ആദ്യമായി ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചത്. 

കൂടുതല്‍ വായനയ്ക്ക്:   സീറോ കൊവിഡ് നിയന്ത്രണം: അടിയന്തര സഹായം ലഭിക്കാതെ രണ്ട് കുട്ടികള്‍ മരിച്ചു; ചൈനയില്‍ ജനരോഷം ശക്തം

 

click me!