
ടെഹ്റാന്‍: ഇറാനില്‍ 22 കാരി മഹ്സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച ഹിജാബ് വിരുദ്ധ - ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ പുതിയ തലത്തിലേക്ക്. പ്രതിഷേധക്കാര്‍ രാജ്യത്തെ പരമോന്നത നേതാവും ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ സ്ഥാപകനുമായ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ തറവാട് വീടിന് തീയിട്ടു. ഖൊമൈൻ നഗരത്തിലെ കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് തീ ആളിക്കത്തുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍, കെട്ടിടത്തിന് തീ പടിച്ചിട്ടില്ലെന്ന് പ്രദേശിക അധികാരികള്‍ അവകാശപ്പെട്ടു.
ഇറാന്‍റെ പരമോന്നത നേതാവായ അയത്തുള്ള റുഹോല്ല ഖൊമേനി ജനിച്ചത് ഈ വീട്ടിലാണെന്ന് കരുതപ്പെടുന്നു. നിലവില്‍ ഇവിടം ഒരു മ്യൂസിയമാണ്. 1979 -ല്‍ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ മുന്നില്‍ നിന്ന് നയിച്ചത് അയത്തുള്ള ഖൊമേനിയായിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് അന്നത്തെ ഭരണാധികാരിയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സുഹൃത്തുമായ ഷാ മുഹമ്മദ് റെസ പഹ്ലവിയെ അധികാരഭ്രഷ്ടനാക്കി, ഇസ്ലാമിക റിപ്പബ്ലിക്ക് സ്ഥാപിക്കുകയും രാജ്യത്തെ പരമോന്നത നേതാവായി സ്വയം അവരോധിക്കുകയുമായിരുന്നു, അയത്തുള്ള ഖൊമേനി. 1989-ൽ മരിക്കുന്നതുവരെ അദ്ദേഹം ഇറാന്‍റെ ആദ്യത്തെ പരമോന്നത നേതാവായിരുന്നു. മരണ ദിവസം ഇന്നും ഇറാനിലെ ദേശീയ ദുഃഖാചരണ ദിവസമാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ വീടിന് തീപിടിക്കുമ്പോള്‍ പ്രക്ഷോഭകര്‍ ആനന്ദനൃത്തം ചവിട്ടുന്നതും കാണാം. വ്യാഴാഴ്ച വൈകുന്നേരം ചിത്രീകരിച്ച ദൃശ്യങ്ങളാണിവയെന്ന് ഒരു ആക്ടിവിസ്റ്റ് നെറ്റ്‌വർക്ക് റിപ്പോര്‍ട്ട് ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അയത്തുള്ള റുഹോല്ല ഖൊമേനിയുടെ പിന്‍ഗാമിയും ഇപ്പോഴത്തെ പരമോന്നത നേതാവുമായ അയത്തൊള്ള അലി ഖമേനിക്കും അദ്ദേഹത്തിന്‍റെ സർക്കാരിനുമെതിരെയാണ് രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്നത്. ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് അയത്തുള്ള റുഹോല്ല ഖൊമേനിയുടെ വീടിന് പ്രക്ഷോഭകര്‍ തീയിട്ടത്. അയത്തൊള്ള അലി ഖമേനിയുടെ സര്‍ക്കാര്‍ പുതിയ ഹിജാബ് വിധി കൊണ്ട് വന്ന് ആഴ്ചകള്‍ക്കുള്ളില്‍ ടെഹ്റാന്‍ സന്ദര്‍ശനത്തിനെത്തിയ 22 കാരി മഹ്സ അമിനിയെ ഹിജാബ് കൃത്യമായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. ഇതേ തുടര്‍ന്ന് പൊലീസും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റമുട്ടലില്‍ നൂറ്കണക്കിന് പ്രക്ഷോഭകര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഏതാണ്ട് അമ്പതോളം കുട്ടികളും അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരും പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രക്ഷോഭകരില്‍ കൂടുതലും വിദ്യാര്‍ത്ഥികളും സ്ത്രീകളുമാണ്.
1988 ല്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ 'സാറ്റാനിക് വേർസസ്' എന്ന നോവൽ പുറത്ത് വന്നതിന് പിന്നാലെ മതനിന്ദാപരമായ പരാമർശങ്ങളുണ്ടെന്ന് ആരോപിച്ച് അയത്തുള്ള ഖൊമെനി 1989 ഫെബ്രുവരി 14-ന് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ വധിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഏറെക്കാലം പൊലീസ് സുരക്ഷയിലായിരുന്നു റുഷ്ദി. ഒടുവില്‍ 2004 ല്‍ ഫത്വ പിന്‍വലിക്കപ്പെട്ടെങ്കിലും 2022 ഓഗസ്റ്റ് 12 ന് റുഷ്ദി അക്രമിക്കപ്പെട്ടത് ഈ ഫത്വയുടെ പേരിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
കൂടുതല്‍ വായനയ്ക്ക്: സര്‍വകലാശാലയില്‍ ആണ്‍/പെണ്‍ കുട്ടികളെ വേര്‍തിരിച്ച മതില്‍ ചവിട്ടിപ്പൊളിച്ച് വിദ്യാര്‍ത്ഥികള്‍
കൂടുതല്‍ വായനയ്ക്ക്: ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പരസ്യ വിചാരണയുമായി ഇറാന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam