
കാബൂൾ: വിവാഹം, വിവാഹമോചനം, ബാലവിവാഹം എന്നിവ നിയന്ത്രിക്കുന്നതിന് വീണ്ടും വിവാദ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. കന്യകയായ ഒരു പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം എന്നാണ് പുതിയ കുടുംബ നിയമപ്രകാരം വിശദമാക്കുന്നത്. പങ്കാളികൾ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള ഈ പുതിയ നിയമാവലിക്ക് താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകാരം നൽകിയെന്നാണ് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാലവിവാഹം, കാണാതായ ഭർത്താക്കന്മാർ, നിർബന്ധിത വേർപിരിയൽ, മതംമാറ്റം, വ്യഭിചാര ആരോപണങ്ങൾ, മറ്റ് മതപരവും നിയമപരവുമായ കാര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചട്ടങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ബാലവിവാഹങ്ങളുടെ കാര്യത്തിൽ പെൺകുട്ടിയുടെ പിതാവിനും മുത്തശ്ശനും മാത്രമാണ് താലിബാൻ പൂർണ്ണ അധികാരം നൽകിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടുന്ന വിവാഹങ്ങൾ റദ്ദാക്കണമെങ്കിൽ, പെൺകുട്ടി പ്രായപൂർത്തിയായതിന് ശേഷം താലിബാൻ കോടതിയുടെ വ്യക്തമായ അനുമതിയോടെ മാത്രമേ സാധ്യമാകൂ എന്നും ഈ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
ഒരു കന്യകയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി വ്യാഖ്യാനിക്കാമെന്നും നിയമം വ്യക്തമാക്കുന്നത്.എന്നാൽ ഒരു ആൺകുട്ടിയുടെയോ അല്ലെങ്കിൽ മുമ്പ് വിവാഹിതയായ ഒരു സ്ത്രീയുടെയോ മൗനം വിവാഹത്തിനുള്ള യോജിപ്പായി സ്വയമേവ കണക്കാക്കില്ല. അഫ്ഗാനിസ്ഥാനിലെ മൂന്നിലൊന്ന് പെൺകുട്ടികളും 18 വയസ്സ് തികയുന്നതിന് മുൻപ് തന്നെ വിവാഹിതരാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവാഹമോചിതർക്കും വിവാഹിതർക്കും ഈ നിയമം ബാധകമല്ല. താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവസ്ഥ കൂടുതൽ മോശമാക്കുന്നതാണ് പുതിയ നിയമം. വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നിഷേധിച്ചതിന് പിന്നാലെയാണ് താലിബാൻ സർക്കാർ ഇപ്പോൾ പുതിയ കുടുംബ നിയമം കൊണ്ടുവന്നിട്ടുള്ളത്. ഈ നിയമപ്രകാരം പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ 18 വയസ്സ് തികയേണ്ടതില്ല, ഋതുമതിയായാൽ മതി. വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവർ മൗനം പാലിച്ചാൽ അത് സമ്മതമായി കണക്കാക്കും.
വിവാഹത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ അറിയാത്ത ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി മറുപടി പറയാനാവാതെ മൗനം പാലിച്ചാൽ, അത് വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കും. പിതാവിനോ മുത്തച്ഛനോ ആണ് ഇക്കാര്യത്തിൽ പൂർണ്ണ അധികാരം. മറ്റാരെങ്കിലും ആണ് വിവാഹം നടത്തുന്നതെങ്കിൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ ആ വിവാഹം റദ്ദാക്കാൻ അവസരമുണ്ട്. കടം വീട്ടാനും പണത്തിനുമായി പല ദരിദ്ര കുടുംബങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നുണ്ട്. ഇതിന് നിയമസാധുത നൽകുന്നത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നാണ് ഈ നിയമത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ നൽകുന്ന മുന്നറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam