
മോസ്ക്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തിൽ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ. ദാരുണ സംഭവമെന്നാണ് പുടിൻ സംഭവത്തെ വിശേഷിപ്പിച്ചത്. അസർബൈജാൻ പ്രസിഡന്‍റുമായി പുടിൻ ഫോണിൽ സംസാരിച്ചുവെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ വ്യോമപ്രതിരോധ സംവിധാനമാണ് വിമാനം തകരാൻ കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്‍റ് ക്ഷമാപണം നടത്തിയതെന്നത് ശ്രദ്ധേയാണ്. ക്ഷമാപണം നടത്തിയെങ്കിലും അപകടത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് പുടിൻ പറഞ്ഞിട്ടില്ല. റഷ്യയുടെ വ്യോമ മേഖലയിൽ അപകടം നടന്നതിനാലാണ് ക്ഷമ ചോദിച്ചതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
ക്രിസ്മസ് ദിനത്തിലാണ് അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനം കസാഖിസ്ഥാനിൽ തകർന്ന് വീണത്. 67 പേരുണ്ടായിരുന്ന വിമാനത്തിലെ 29 പേർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. എംബ്രയർ 190 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം അഗ്നിഗോളമായി നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്ത് തട്ടിയ ശേഷം തീപിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നവരിൽ 42 പേർ അസർബൈജാൻ പൗരന്മാരാണ്. 16 റഷ്യൻ പൗരന്മാരും ആറ് കസാഖിസ്ഥാൻ പൗരൻമാരും മൂന്ന് കിർഗിസ്ഥാൻ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു. അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകർന്ന് വീഴുകയായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യതകളാണ് പിന്നീടുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. വിമാനം റഷ്യയോ, യുക്രൈനോ അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന സംശയമാണ് ഉയർന്നത്. ശത്രുരാജ്യത്തിന്റെ വിമാനമാണെന്ന് കരുതി റഷ്യയോ, യുക്രൈനോ വെടിവെച്ചിട്ടതാകാനുള്ള സാധ്യതയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ മുന്നോട്ടുവച്ചത്. ഇതിന് പിന്നാലെ റഷ്യയാണ് വിമാനം വെടിവെച്ചിട്ടതെന്ന് സ്ഥിരീകരിക്കുന്ന നിലയിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. യുക്രേനിയൻ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇത് തകർത്തതാണെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് ഇപ്പോൾ പുടിൻ തന്നെ ക്ഷമാപണം നടത്തി രംഗത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam