പ്രമേഹമോ അമിതവണ്ണമോ ഹൃദ്രോഗമോ ഉണ്ടോ? യുഎസ് വിസ നിഷേധിക്കപ്പെട്ടേക്കാം, പുതിയ മാർഗനിർദേശങ്ങൾ പുറത്ത്

Published : Nov 08, 2025, 02:23 AM IST
 US visa denial for health reasons

Synopsis

ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ചില ആരോഗ്യാവസ്ഥകൾ കാരണം യുഎസ് വിസ നിരസിക്കപ്പെട്ടേക്കാം. സർക്കാർ സഹായമില്ലാതെ ചികിത്സാ ചെലവുകൾ വഹിക്കാൻ അപേക്ഷകർക്ക് സാമ്പത്തിക ഭദ്രതയുണ്ടോ എന്നും പരിശോധിക്കും.

വാഷിങ്ടണ്‍: വിസ നിഷേധിക്കാൻ അമേരിക്ക പുതിയ കാരണങ്ങൾ കൂട്ടിച്ചേർത്തതായി റിപ്പോർട്ട്. ആരോഗ്യപരമായ കാരണങ്ങളാൽ വിസ അപേക്ഷകൾ നിരസിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ മാർഗനിർദേശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎസിൽ താമസിക്കാൻ വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്ക് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അപേക്ഷകൾ നിരസിക്കപ്പെട്ടേക്കാം.

പുതിയ മാർഗനിർദേശങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് പുറത്തിറക്കിയത്. ആരോഗ്യപ്രശ്നങ്ങളുള്ളവർ പൊതുബാധ്യത ആവാൻ സാധ്യതയുണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നിരീക്ഷണം. പുതിയ മാർഗനിർദേശങ്ങൾ അമേരിക്കൻ എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും അയച്ചെന്നാണ് വാഷിംഗ്ടൺ ആസ്ഥാനമായുള്ള കെഎഫ്എഫ് ഹെൽത്ത് ന്യൂസ് റിപ്പോർട്ട് ചെയ്തത്. പകർച്ചവ്യാധികൾക്കായുള്ള പരിശോധന, വാക്സിനേഷൻ, സാംക്രമിക രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി നേരത്തയും പരിശോധിക്കാറുണ്ടായിരുന്നു. എന്നാൽ പുതിയ മാർഗനിർദേശങ്ങളിൽ പുതിയ ചില ആരോഗ്യാവസ്ഥകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കെഎഫ്എഫ് റിപ്പോർട്ട് ചെയ്തത്.

പുതിയ മാർഗനിർദേശം

ചില മെഡിക്കൽ അവസ്ഥകൾ– ഹൃദയ സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, അർബുദം, പ്രമേഹം, മെറ്റബോളിക് രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ചികിത്സ ആവശ്യമായി വരുന്നവയാണെന്ന് മാർഗനിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. അപേക്ഷകർക്ക് ചികിത്സാ ചെലവുകൾ സ്വയം വഹിക്കാൻ കഴിയുമോ എന്നും വിലയിരുത്തണമെന്ന് വിസ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ സഹായമില്ലാതെ തന്നെ ചികിത്സയുടെ ചെലവുകൾ വഹിക്കാൻ മതിയായ സാമ്പത്തിക ഭദ്രത അപേക്ഷകർക്കുണ്ടോയെന്ന് പരിശോധിക്കണമെന്നും നിർദേശമുണ്ട്.

നിയമസഹായ ഗ്രൂപ്പായ കാത്തലിക് ലീഗൽ ഇമിഗ്രേഷൻ നെറ്റ്‌വർക്കിലെ സീനിയർ അറ്റോർണി ചാൾസ് വീലർ പറയുന്നത് മാർഗനിർദേശങ്ങൾ എല്ലാ വിസകൾക്കും ബാധകമാണെങ്കിലും, സ്ഥിരതാമസത്തിനായുള്ള അപേക്ഷകളിലായിരിക്കും കൂടുതലായി ഉപയോഗിക്കാൻ സാധ്യതയെന്നാണ്. മെഡിക്കൽ സാഹചര്യങ്ങൾ വിലയിരുത്താൻ വൈദ്യപരിശീലനം ലഭിച്ചവരല്ല വിസ ഓഫീസർമാർ എന്നതിനാൽ ആരോഗ്യാവസ്ഥ വിലയിരുത്തുന്നത് വ്യക്തിപരമായ ധാരണകൾക്ക് അനുസരിച്ചായിരിക്കും. അത് എപ്പോഴും ശരിയായിരിക്കണമെന്നില്ലെന്ന് ചാൾസ് വീലർ പറയുന്നു. അതേസമയം ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റിയിലെ ഇമിഗ്രേഷൻ അഭിഭാഷകയായ സോഫിയ ജെനോവീസെ പറയുന്നത് അപേക്ഷകരുടെ ചികിത്സാ ചെലവിനെക്കുറിച്ചും അവരുടെ ആരോഗ്യാവസ്ഥ വിലയിരുത്തി യു.എസിൽ ജോലി നേടാനുള്ള സാധ്യതയെ കുറിച്ചും വിലയിരുത്താൻ ഈ മാർഗനിർദേശങ്ങൾ വിസ ഓഫീസർമാരെ സഹായിക്കും എന്നാണ്.

PREV
Read more Articles on
click me!

Recommended Stories

പ്രതാപത്തിന്റെ നെറുകയിൽനിന്ന് പടുകുഴിയിലേക്ക്; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നത് എങ്ങനെ?
പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം