കൊവിഡ് 19: കര്‍ശന നടപടികളിലേക്ക് ന്യൂസിലാന്‍ഡ്, അതിര്‍ത്തികള്‍ അടക്കുന്നു

By Web TeamFirst Published Mar 19, 2020, 4:15 PM IST
Highlights

താല്‍ക്കാലിക വിസയുള്ളവര്‍, വിനോദ സഞ്ചാരികള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ വിലക്ക് സാരമായി ബാധിക്കും. മറ്റ് രാജ്യങ്ങളിലുള്ള ന്യൂസിലാന്‍ഡ് പൌരന്മാര്‍ക്ക് മടങ്ങിയെത്താന്‍ കഴിയും.

വെല്ലിങ്ടണ്‍: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യാതിര്‍ത്തികള്‍ അടച്ച് ന്യൂസിലാന്‍ഡ്. രാജ്യത്തെ സ്ഥിര താമസക്കാര്‍ക്കും പൌരന്മാര്‍ക്കുമല്ലാതെയുള്ളവര്‍ക്ക് മുന്നിലാണ് ന്യൂസിലാന്‍ഡ് അതിര്‍ത്തികള്‍ അടയ്ക്കുന്നത്. വ്യാഴാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്തെ സ്ഥിര താമസക്കാരുടെ മക്കള്‍ക്കും ഭര്‍ത്താവിനും ഭാര്യക്കും വിലക്ക് ബാധകമല്ല. മനുഷ്യത്വരപമായ സമീപനമെന്ന നിലയ്ക്കാണ് ഈ നിലപാടെന്ന് ന്യൂസിലാന്‍ഡ് വ്യക്തമാക്കുന്നു.  എന്നാല്‍ ഇവര്‍ക്ക് വിമാനത്താവളത്തില്‍ കര്‍ശന പരിശോധനകള്‍ നേരിടേണ്ടി വരുമെന്നും ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. 

സ്ഥിരതാമസക്കാരല്ലാത്തവര്‍ക്ക് രാജ്യത്ത് ഓസ്ട്രേലിയ പ്രവേശനം നിഷേധിച്ചതിന് പിന്നാലെയാണ് ന്യൂസിലാന്‍ഡിന്‍റെ പ്രഖ്യാപനം. മറ്റ് രാജ്യത്ത് നിന്നുള്ളവരിലൂടെ കൊറോണ വൈറസ് ന്യൂസിലന്‍ഡില്‍ പടരാതിരിക്കാനാണ് ഈ നിര്‍ണായക തീരുമാനമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു. താല്‍ക്കാലിക വിസയുള്ളവര്‍, വിനോദ സഞ്ചാരികള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ വിലക്ക് സാരമായി ബാധിക്കും. മറ്റ് രാജ്യങ്ങളിലുള്ള ന്യൂസിലാന്‍ഡ് പൌരന്മാര്‍ക്ക് മടങ്ങിയെത്താന്‍ കഴിയും. 

ന്യൂസിലാന്‍ഡില്‍ ഇതിനോടകം 28 കൊറോണവൈറസ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വിദേശ സഞ്ചാരം അടുത്തിടെ കഴിഞ്ഞെത്തിയവരാണ് ഇവരില്‍ ഏറിയപങ്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമോവ, ടോംഗ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്ക് ബാധകമാവില്ല. വിദേശ സഞ്ചാരികള്‍ വൈറസ് ബാധ സംബന്ധിച്ച അന്വേഷണങ്ങളോട് കാര്യമായ രീതിയില്‍ പ്രതികരിക്കാതിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ സാഹസം കാണിക്കാന്‍ സാധിക്കില്ല. അതിനാലാണ് ഈ തീരുമാനമെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം സ്വയം ഐസൊലേഷനില്‍ കഴിയാന്‍ തയ്യാറാവണമെന്നും ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. 

click me!