നിയന്ത്രണം ഫലം കണ്ടു; ന്യൂസിലന്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു

By Web TeamFirst Published May 28, 2020, 12:34 PM IST
Highlights

രാജ്യത്തെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1462 ആയെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 267435 പേരെയാണ് രാജ്യത്ത് കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയത്.

പുതിയ കൊവിഡ് 19 കേസുകള്‍ ഇല്ലാതിരുന്ന തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസത്തിനൊടുവില്‍ ചികിത്സയിലുള്ള അവസാന രോഗിയേയും ഡിസ്ചാര്‍ജ് ചെയ്ത് ന്യൂസിലന്‍ഡ്. ബുധനാഴ്ച വൈകുന്നേരമാണ് ആരോഗ്യ മന്ത്രാലയം അവസാന കൊവിഡ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത വിവരം പുറത്ത് വിട്ടത്. ഓക്ലന്‍ഡിലെ മിഡില്‍മോര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയാണ്  ബുധനാഴ്ച ആശുപത്രി വിട്ടത്. 

രാജ്യത്തെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1462 ആയെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 267435 പേരെയാണ് രാജ്യത്ത് കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇവരില്‍ രോഗബാധയുള്ളവരെ കണ്ടെത്താന്‍ പ്രത്യേക ആപ്പും ന്യൂസിലന്‍ഡ് തയ്യാറാക്കിയിരുന്നു. പ്രാദേശിക ക്ലിനിക്കുകളില്‍ എത്തുന്ന രോഗികളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുതിയ ആപ്പും ന്യൂസിലന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. 

കര്‍ശന നിയന്ത്രണങ്ങളോടെ അടച്ച രാജ്യാതിര്‍ത്തികളില്‍ ചെറിയ ഇളവുകള്‍ അനുവദിക്കാന്‍ പോവുകയാണെന്നും ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തിലേക്ക് വൈറസ് ബാധ ഇനിയും പകരാതിരിക്കാനുള്ള കര്‍ശന നിയന്ത്രണങ്ങളോടെയാവും ഇളവുകളെന്നും അധികൃതര്‍ വ്യക്തമാക്കി. 1500 പേരിലാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേര്‍ മരിച്ചിരുന്നു. 21 പേര്‍ കൂടി രാജ്യത്ത് ഇനി കൊവിഡ് 19 ആക്ടീവായി ഉള്ളതെന്നാണ് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാഹചര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന മുന്‍കരുതല്‍ നടപടികളില്‍ വിട്ടുവീഴ്ച വരുത്താന്‍ സമയമായില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹിക വ്യാപനം ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡ്രേന്‍ ഏപ്രില്‍ ആദ്യവാരം വ്യക്തമാക്കിയിരുന്നു. അവശേഷിക്കുന്ന ഓരോ കൊറോണ വൈറസിനേയും വേട്ടയാടി പിടിക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇനിയും ഈ ജാഗ്രത തുടരണമെന്ന് ജസീന്ത വ്യക്തമാക്കി. 

click me!