ന്യൂസീലാന്‍റിലെ കൂട്ടക്കൊല 'പബ്‍ജി' മാതൃകയില്‍; നിര്‍വികാരതയോടെ പ്രതി കോടതിമുറിയില്‍

Published : Mar 16, 2019, 02:56 PM ISTUpdated : Mar 16, 2019, 04:20 PM IST
ന്യൂസീലാന്‍റിലെ കൂട്ടക്കൊല 'പബ്‍ജി' മാതൃകയില്‍; നിര്‍വികാരതയോടെ പ്രതി കോടതിമുറിയില്‍

Synopsis

വിക്യതമായ ഒരു ചിരിയോടെയാണ് അയാള്‍ കോടതിമുറിയിലെത്തിയത്. ന്യൂസീലന്‍ഡില്‍ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കും വിധം 49 പേരെ കൊന്നൊടുക്കിയ ആ കൊലയാളി, കോടതിക്ക് മുമ്പാകെ ഒരൊറ്റ അക്ഷരം പോലും മിണ്ടിയതുമില്ല. തന്നെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ, വെള്ളക്കാരുടെ ദുരഭിമാനത്തെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നം ഉയര്‍ത്തിക്കാട്ടുക മാത്രം ചെയ്തു.

ക്രൈസ്റ്റ് ചര്‍ച്ച് (ന്യൂസീലന്‍ഡ്):  ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ വെടിവെയ്പ് നടത്തിയ ബ്രെണ്ടണ്‍ ഹാരിസണ്‍ ടറന്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. കനത്ത പൊലീസ് വലയത്തിന് നടുവിലാണ് മനുഷ്യമന:സ്സാക്ഷിയെ ഞെട്ടിച്ച നരഹത്യ നടത്തിയ പ്രതിയെ കോടതി മുറിയിലെത്തിച്ചത്. കൈയില്‍ വിലങ്ങണിഞ്ഞ്, സായുധരായ രണ്ട് പൊലീസുകാരുടെ നടുവിലായിട്ടാണ് അയാള്‍ നിന്നിരുന്നത്. പ്രതിക്കൂട്ടില്‍ കയറിയതും അയാളുടെ മുഖത്ത് വികൃതമായ ഒരുതരം ചിരിപടര്‍ന്നു. ചുണ്ടുകള്‍ ഒരു വശത്തേക്ക് കോണിച്ചുള്ള പൈശാചികമായ ഒരു ചിരി. മേല്‍ചുണ്ടില്‍ നീളത്തില്‍ ഒരു മുറിവും കാണാമായിരുന്നു. വിധി പ്രസ്താവം അവസാനിക്കുന്നതുവരെ പിന്നെ നിര്‍വികാരനായി ഒരൊറ്റ നില്‍പാണ്. 

നഗ്നപാദനായി, കോടതി വരാന്തയിലൂടെ നടന്നാണ് അയാള്‍ കോടതിമുറിയിലെത്തിയത്. ജയില്‍പുള്ളികള്‍ക്ക് ന്യൂസീലന്‍ഡില്‍ നല്‍കാറുള്ള കട്ടിയുള്ള വെള്ളവസ്ത്രമാണ് ധരിച്ചിരുന്നത്. തനിക്ക് മേല്‍ കൊലപാതകക്കുറ്റം ചുമത്തി കോടതി വിധി പ്രസ്താവിക്കുമ്പോഴും അയാളുടെ മുഖത്ത് ഭാവവ്യത്യാസമുണ്ടായിരുന്നില്ല. തന്നെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ, വെള്ളക്കാരുടെ ദുരഭിമാനത്തെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നം ഉയര്‍ത്തിക്കാട്ടുക മാത്രം ചെയ്തു. ബ്രണ്ടണു വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകനും വിധിപ്രസ്താവത്തെ എതിര്‍ത്തില്ല. പ്രതിക്ക് ജാമ്യം വാങ്ങിനല്‍കാനും അദ്ദേഹം ശ്രമിച്ചില്ല.

തലയില്‍ കെട്ടിവെച്ച ക്യാമറ ഉപയോഗിച്ച് താന്‍ നടത്തിയ നരഹത്യ സോഷ്യല്‍ മീഡിയയില്‍ ലൈവായി ഇയാള്‍ സംപ്രേഷണം ചെയ്തിരുന്നു. സ്വന്തം അക്കൗണ്ടിലൂടെയായിരുന്നു ഈ തത്സമയസംപ്രേഷണം. തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന കാര്യങ്ങളൊന്നും വീഡിയോയില്‍ നിന്നും മറച്ചുപിടിക്കാന്‍ ബ്രണ്ടണ് തെല്ലും താല്‍പര്യമുണ്ടായിരുന്നില്ല. രക്ഷപ്പെടാനല്ല, പിടികൂടുന്നെങ്കില്‍ പിടികൂടട്ടെ എന്ന മട്ടിലായിരുന്നു ഇയാള്‍ ആ ക്രൂരകൃത്യം നടത്തിയത്. തോക്കുമായി കൊലയാളി എത്തിയ കാറിന്റെ നമ്പര്‍ വരെ വീഡിയോയില്‍ നിന്നും വ്യക്തമായിരുന്നു.

ഓസ്‌ട്രേലിയന്‍ പൗരനാണ് 28 കാരനായ ബ്രണ്ടണ്‍ ഹാരിസണ്‍ ടറന്റ്. 2017 നവംബറിലാണ് ഇയാള്‍ തോക്കുകൈവശം സൂക്ഷിക്കാനുള്ള ലൈസന്‍സ് നേടിയത്. 'എ' കാറ്റഗറി അനുമതിയാണ് ബ്രണ്ടണ് നല്‍കിയിരുന്നത്. ലൈസന്‍സ് കിട്ടി തൊട്ടടുത്ത മാസം മുതല്‍ തന്നെ ഇയാള്‍ തോക്കുകള്‍ വാങ്ങാന്‍ ആരംഭിച്ചിരുന്നു. ഇതില്‍ അഞ്ച് തോക്കുകളാണ് ആക്രമണത്തിനുപയോഗിച്ചത്. ഉഗ്രശേഷിയുള്ള രണ്ട് സെമി ഓട്ടോമാറ്റിക്ക് റൈഫിളുകളും രണ്ട് ഷോട്ട് ഗണ്ണുകളും ഒരു ലിവര്‍ ആക്ഷന്‍ തോക്കും ഉപയോഗിച്ചായിരുന്നു ആക്രമണം.

പോയിന്റ് ബ്ലാങ്കില്‍ തുരുതുരാ നടത്തിയ വെടിവെപ്പ് പബ്ജി എന്ന ഗെയിമിനെ ഓര്‍മിപ്പിച്ചു. പ്രാണവേദനയാല്‍ വെടിയേറ്റ് പുളഞ്ഞ് സഹായത്തിനായി കേണവര്‍ക്ക് മേല്‍ പിന്നെയും പിന്നെയും വെടിയുതിര്‍ത്ത് അവരെ നിശബ്ദരാക്കി. ചോരയില്‍ കുതിര്‍ന്ന് ജീവഭയത്താല്‍ ഇഴഞ്ഞുനീങ്ങിയവരെ പിന്തുടര്‍ന്ന് വെടിവെച്ചു. മരിച്ചുവെന്നുറപ്പുവരുത്താന്‍ കുട്ടികളുള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ക്ക് മേലും ആവര്‍ത്തിച്ചു വെടിയുതിര്‍ത്തു.

48 പേരാണ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. ക്രൈസ്റ്റ് ചര്‍ച്ചില്‍ തന്നെയുള്ള പ്രാദേശിക കോടതിയിലാണ് ഇയാളെ ഹാജരാക്കിയിരുന്നത്. കനത്ത സുരക്ഷയായിരുന്നു ഇതിനായി ന്യൂസീലന്‍ഡ് പൊലീസ് ഒരുക്കിയിരുന്നത്. ഏപ്രില്‍ 5ന് ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസില്‍ ഇയാള്‍ക്കു പുറമേ രണ്ട്‌പേരെ കൂടി പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലെന്നത് പൊലീസിനെ അമ്പരപ്പിക്കുന്നു.

ന്യൂസീലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പൈശാചികമായ ആക്രമണമായിരുന്നു ഇന്നലെ നടന്നത്. ഭീകരാക്രമണമായിട്ടാണ് ഭരണകൂടം ഇതിനെ കാണുന്നത്. ആക്രമണത്തെ തുടര്‍ന്ന് രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കി. തോക്കുകള്‍ കൈവശം വെയ്ക്കുന്നതിന് അനുമതി നല്‍കുന്ന രാജ്യത്തെ നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്