
ദില്ലി: എൻഐഎ നിയമം ചോദ്യം ചെയ്തുള്ള പിഎഫ്ഐ കേസിലെ പ്രതിയുടെ ഹർജിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി. ദേശീയ അന്വേഷണ ഏജൻസി നിയമം ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ചാണ് എൻഐഎ കേസിലെ പ്രതിയായ മുഹമ്മദ് മുബാറക്ക് റിട്ട് ഹർജി നൽകിയത്. ഹർജി ചൊവ്വാഴ്ച്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പാലക്കാട് ശ്രീനീവാസൻ കേസിലെ ഹർജിക്കൊപ്പം വാദം കേൾക്കും.
ശ്രീനിവാസൻ വധക്കേസ് എൻഐഎ ഏറ്റെടുത്തതും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ഇന്ന് പാലക്കാട് ശ്രീനിവാസൻ കേസിലെ പ്രതിയുടെ ഹർജി ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചിരുന്നു. ഇതോടൊപ്പം ഈ ഹർജി പരാമർശിച്ചു. രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് എൻഐഎ എടുത്ത കേസിൽ ശ്രീനീവാസൻ വധക്കേസ് ഉൾപ്പെടുത്തിയിരുന്നു. കേരള പൊലീസ് അന്വേഷിച്ച് കേസ് നേരിട്ട് ഏറ്റെടുത്ത എൻഐഎ നടപടി നിലനിൽക്കില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഒപ്പം എൻഐഎ ആക്ടിലെ വ്യവസ്ഥകൾ പലതും ഭരണഘടനവിരുദ്ധമാണെന്നും പൗരാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ പറയുന്നു.
പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ അറസ്റ്റ് ചെയ്ത വ്യക്തിയാണ് മുഹമ്മദ് മുബാറക്ക്. ഹർജിക്കാരനായി അഭിഭാഷകൻ വിഷ്ണു പിയാണ് ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയുടെ പരമാധികാരം, സുരക്ഷ, അഖണ്ഡത എന്നിവയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി 2008 ഡിസംബർ 31-ന് പാർലമെന്റ് പാസാക്കിയ നിയമമാണ് എൻഐഎ ആക്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി സ്ഥാപിതമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam