പ്രായം ഒമ്പത്, ഡിസംബറിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടും, താരമായി ലോറന്റ്

Published : Nov 15, 2019, 05:41 PM IST
പ്രായം ഒമ്പത്, ഡിസംബറിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടും, താരമായി ലോറന്റ്

Synopsis

ലോകത്ത് ഇതുവരെ ഐ ക്യൂ ലെവൽ 145 കണ്ടത് രണ്ടു മഹത് വ്യക്തികൾക്ക് മാത്രമാണ് ജ്യോതിശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനും നോബൽ സമ്മാന ജേതാവും ജർമൻകാരനുമായ ആൽബർട്ട് ഐൻസ്റ്റീനിനും. 

ആംസറ്റർഡാം: ഒമ്പതാം വയസില്‍ എഞ്ചിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കാൻ ഒരുങ്ങുകയാണ് ബെൽജിയത്തുനിന്നുള്ള ഒരു കൊച്ചുമിടുക്കൻ. പ്രായത്തെക്കാൾ അധികം ബുദ്ധിയും കാര്യക്ഷമതയും പക്വതയുമുള്ള ലോറന്റ് സൈമന്‍സ് എന്ന മിടുക്കനാണ് ഡിസംബറിൽ ബിരുദം കരസ്ഥമാക്കാനൊരുങ്ങുന്നത്. നെതര്‍ലന്‍ഡ്‌സിലെ ഐന്ധോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് ലോറന്റ്.

ബിരുദം ലഭിച്ച ഉടൻ ഉന്നതപഠനത്തിന് പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ് ലോറന്റ്. കാലിഫോര്‍ണയയില്‍ പഠനം തുടരാനാണ് ലോറന്റിന് താല്‍പര്യം. എട്ടാം വയസില്‍ സെക്കന്‍ഡറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ലോറന്റ് മെഡിസിൻ ബിരുദം ചെയ്യാന്‍ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ലോറന്റിന്റെ അച്ഛന്‍ അലക്‌സാന്‍ഡർ പറഞ്ഞു. ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ പിഎച്ഡി എടുക്കുന്നതിനൊപ്പം ലോറന്റ് മെഡിസിനും പഠിക്കും. ജർമനിയിലോ യുഎസിലോ പഠനത്തിനായി ലോറന്റിനെ ചേർക്കും. മകന്റെ പഠനത്തിന് എന്ത് സഹായം വേണമെങ്കിലും ചെയ്തു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദന്തഡോക്ടറായ അലക്സാണ്ടറാണ് ലോറന്റിന്റെ പിതാവ്. കുടുംബസമേതം ആംസ്റ്റർഡാമിലാണ് താമസം.

ലോറന്റ് വളരെ സവിശേഷതയുള്ളൊരു കുട്ടിയാണെന്ന് തന്റെ മാതാപിതാക്കൾ പറയാറുണ്ടായിരുന്നുവെന്ന് ലോറന്റിന്റെ അമ്മ ലൈദിയ ഓർമ്മിക്കുന്നു. നമ്മൾക്കത് മനസ്സിലാക്കാൻ സമയമെടുത്തെങ്കിലും ലോറന്റിന്റെ അധ്യാപകർ അവന്റെ കഴിവുകൾ പെട്ടെന്ന് തിരിച്ചറിഞ്ഞെന്നും ലൈദിയ പറഞ്ഞു.

ലോറന്റിന്റെ ഐ ക്യൂ 145 ആണ് എന്നതാണ് അത്‍ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത. കാരണം ലോകത്ത് ഇതുവരെ ഇത്രയും ഐക്യൂ ലെവൽ കണ്ടത് രണ്ടു മഹത് വ്യക്തികൾക്ക് മാത്രമാണ് ജ്യോതിശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനും നോബൽ സമ്മാന ജേതാവും ജർമൻകാരനുമായ ആൽബർട്ട് ഐൻസ്റ്റീനിനും. ലോറിന്റെ ബുദ്ധിശക്തി അപാരമാണെന്ന് ലോറന്റിന്റെ അധ്യാപകൻ പ്രൊഫസർ–പീറ്റർ ബാൽറ്റൂസ് പറഞ്ഞു. മുതിർന്ന കുട്ടികളോടൊപ്പം ക്ലാസ് മുറിയിൽ ഇരുത്താൻ കഴിയാത്തത് മൂലം ലോറന്റിന് മാത്രമായി ക്ലാസ് ഒരു പ്രത്യേക മുറിയിലാണ് നടത്തിയിരുന്നത്.

നാലാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച ലോറന്റ് 12 മാസത്തിനുള്ളില്‍ അഞ്ച് കൊല്ലത്തെ പഠനം പൂര്‍ത്തിയാക്കി. എട്ടാം വയസ്സിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറന്റ് 2018ൽ ഇലക്ട്രിക് എൻജിനീയറിങ് പഠനം ആരംഭിച്ചു. നാല് ഭാഷകളിൽ ലോറന്റിന് ആശയവിനിമയം നടത്താൻ സാധിക്കും. ഡിസംബറില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ പത്താം വയസില്‍ അലബാമ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ മൈക്കല്‍ കിയേരര്‍ണിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ബിരുദം നേടുന്ന വ്യക്തി എന്ന നേട്ടം ലോറന്റിന് സ്വന്തമാക്കും. 
 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ തീ, കണ്ടത് എൻജിന്റെ ഒരു ഭാഗം, ഒരു മണിക്കൂർ പറന്ന് ഇന്ധനം തീർത്ത ശേഷം എമർജൻസി ലാൻഡിംഗ്
ചൈനീസ് ഭീഷണി; അവസാനത്തെ പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിട്ട് ഹോങ്കോങ്