
നയ്പിഡോ: കോക്കോ ദ്വീപുകളിൽ ചൈനയുടെ സാന്നിധ്യമില്ലെന്ന് ഇന്ത്യക്ക് ഉറപ്പ് നൽകി മ്യാന്മർ. എന്നാൽ ഈ ദ്വീപ് സമൂഹം സന്ദർശിക്കാൻ ഇന്ത്യൻ നാവികസേനയെ അനുവദിക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥനയിൽ മ്യാന്മർ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഈ ദ്വീപുകളിലേക്ക് ഇന്ത്യൻ ലാൻഡ്‌ഫാൾ ദ്വീപിൽ നിന്ന് 100 മൈലിൽ താഴെ മാത്രമാണ് ദൂരം.
ബംഗാൾ ഉൾക്കടലിൽ ഈ ദ്വീപുകൾ ചൈന ചാരപ്രവർത്തനത്തിന് ഉപയോഗിക്കുമോ എന്ന ആശങ്ക ഇന്ത്യ പങ്കുവച്ചിരുന്നു. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് മ്യാൻമർ സന്ദർശിച്ചപ്പോൾ, കോക്കോ ദ്വീപുകളിൽ ഒരൊറ്റ ചൈനീസ് പൗരൻ പോലും ഇല്ലെന്ന് മ്യാൻമർ സൈനിക ഭരണകൂടം അറിയിച്ചു. സെപ്റ്റംബർ 25 മുതൽ 27 വരെയാണ് മ്യാൻമർ സായുധ സേനയുടെ പരിശീലന മേധാവി മേജർ ജനറൽ ക്യാവ് കോ ഹ്‌റ്റൈക്കുമായി രാജേഷ് കുമാർ സിംഗ് ചർച്ച നടത്തിയത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അടുത്തായതുകൊണ്ട് കൊക്കോ ദ്വീപുകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി പ്രധാനമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപ് പ്രദേശത്ത് നിന്ന് 100 നോട്ടിക്കൽ മൈലിൽ താഴെ മാത്രം അകലെയാണ് കോക്കോ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഇത് ഇന്ത്യൻ നാവിക, മിസൈൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന വിദേശ നിരീക്ഷണ സൗകര്യങ്ങൾക്ക് സാധ്യതയുള്ള സ്ഥലമാണ്. നിർണായകമായ മലാക്ക കടലിടുക്കിനും വാണിജ്യ കപ്പൽ പാതകൾക്കും സമീപമാണ് അവയുടെ സ്ഥാനം. ഇതാണ് ഇന്ത്യയെ സംബന്ധിച്ച ആശങ്ക.
കോക്കോ ദ്വീപുകളിലെ റൺവേ, യാത്രാ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന തരത്തിൽ വിപുലീകരിച്ചിട്ടുണ്ട്. കൂടാതെ 1500-ൽ അധികം സൈനികരെ ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ ബാരക്കുകളും അവിടെ നിർമ്മിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മ്യാൻമർ സർക്കാർ അവകാശപ്പെടുന്നത് ഒരൊറ്റ ചൈനീസ് സൈനികൻ പോലും ഇവിടെ ഇല്ലെന്നാണ്. എന്നാൽ ചിൻഡ്‌വിൻ നദിയുടെ പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ ഭരണകൂടത്തിന് വലിയ സ്വാധീനമില്ല. ചൈനയുമായി ബന്ധമുള്ള വിമത ഗ്രൂപ്പുകളും സായുധരായ മയക്കുമരുന്ന് മാഫിയകളും ചേർന്നാണ് വടക്കൻ മ്യാൻമർ ഭരിക്കുന്നത്. ഇവർ ഇന്ത്യയുടെ കിഴക്കൻ അതിർത്തികളിൽ, പ്രത്യേകിച്ച് അരുണാചൽ പ്രദേശിലും മണിപ്പൂരിലുമെല്ലാം സ്വാധീനം ചെലുത്താൻ ശ്രമിക്കാറുണ്ട്.