
കാബൂൾ: അഫ്ഗാൻ അതിർത്തി ചെക്ക്പോസ്റ്റിൽ വെച്ച് ഒരു താലിബാൻ ഗാർഡും ഇന്ത്യൻ സഞ്ചാരിയും തമ്മിലുണ്ടായ സൗഹൃദ സംഭാഷണത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരു ഇന്ത്യൻ സന്ദർശകന് അഫ്ഗാനിസ്ഥാനിൽ ലഭിക്കുന്ന ഊഷ്മളമായ സ്വീകരണത്തിന്റെ അപൂർവ കാഴ്ചയാണ് വീഡിയോയിൽ. എക്സ് ഉപയോക്താവായ ഫസൽ അഫ്ഗാൻ ആണ് വീഡിയോ പങ്കുവെച്ചത്. പാസ്പോർട്ട് പരിശോധനയ്ക്കായി ഒരു ഇന്ത്യൻ ബൈക്ക് യാത്രികനെ താലിബാൻ ഗാർഡ് തടയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
യാത്രക്കാരൻ താൻ ഇന്ത്യക്കാരനാണെന്ന് ശാന്തമായി തിരിച്ചറിഞ്ഞ നിമിഷം, ഗാർഡിൻ്റെ ഔദ്യോഗികമായ പരിശോധനകൾ വിട്ട്, അദ്ദേഹത്തിൻ്റെ ഭാവം പൂർണ്ണമായും സൗഹൃദപരമായി മാറുന്നതും കാണാം. പുഞ്ചിരിച്ചുകൊണ്ട് ഗാർഡ് പ്രതികരിച്ചു: "ഇന്ത്യയും അഫ്ഗാനിസ്ഥാനും സഹോദരങ്ങളാണ്. പാസ്പോർട്ടോ അനുമതിയോ ആവശ്യമില്ല, ദയവായി മുന്നോട്ട് പോവുക. കാബൂളിലേക്ക് സ്വാഗതം, അഫ്ഗാനിസ്ഥാൻ." തുടർന്ന് കൂടുതൽ പരിശോധനകളില്ലാതെ മുന്നോട്ട് പോകാൻ ആംഗ്യം കാണിച്ച് അദ്ദേഹം ബൈക്ക് യാത്രികനെ കടത്തിവിട്ടു.
പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: "അഫ്ഗാനിസ്ഥാനിലെ ഒരു ഇന്ത്യൻ സഞ്ചാരിയെ പതിവ് പാസ്‌പോർട്ട് പരിശോധനയ്ക്കായി താലിബാൻ ഒരു ചെക്ക്‌പോസ്റ്റിൽ തടഞ്ഞു. എന്നാൽ താൻ ഇന്ത്യക്കാരനാണെന്ന് പറഞ്ഞ നിമിഷം, അവർ പുഞ്ചിരിച്ചു, സ്വാഗതം ചെയ്തു, രേഖകൾ പോലും പരിശോധിക്കാതെ പോകാൻ അനുവദിച്ചു. അഫ്ഗാനിസ്ഥാൻ അതിൻ്റെ യഥാർത്ഥ സുഹൃത്തുക്കളോട് ഇങ്ങനെയാണ് പെരുമാറുന്നത്." ചരിത്രപരമായ സൗഹൃദത്തെ ഓർമ്മിപ്പിക്കുന്ന ഈ സ്നേഹപ്രകടനത്തെ നിരവധി ഉപയോക്താക്കൾ അഭിനന്ദിച്ചു. "ഞാൻ മൂന്ന് തവണ കാബൂളിൽ പോയിട്ടുണ്ട്, ഇത് വളരെ സത്യമാണ്. അഫ്ഗാൻ ജനത ഇന്ത്യക്കാരെ ബഹുമാനിക്കുകയും ഊഷ്മളമായ സ്വീകരണം നൽകുകയും ചെയ്യുന്നു," എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.