
ന്യൂയോര്‍ക്ക്: തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാല്ലെന്ന് ഇന്ത്യ. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ക്കിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയതെന്ന് വിദേശക്കാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു.
പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ഒരു മടിയുമില്ലെന്ന് പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചു. തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറാണ്. പക്ഷേ അത്തരം നടപടികളൊന്നും ഇതുവരെ പാകിസ്ഥാനില്‍ നിന്നുമുണ്ടായിട്ടില്ല. ആഗോള തീവ്രവാദത്തെ നേരിടുന്നതില്‍ ഇന്ത്യയ്ക്കുള്ള പ്രതിജ്ഞാബദ്ധതയും നിലപാടും കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി മോദി ട്രംപിനെ ധരിപ്പിച്ചു. തീവ്രവാദത്തെ ഒന്നിച്ചു നിന്ന് നേരിടേണ്ടതായിട്ടുണ്ടെന്ന് ട്രംപും സമ്മതിച്ചു - ഇരുരാഷ്ട്രത്തലവന്‍മാരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വിജയ് ഗോഖലെ വിശദീകരിച്ചു.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുവെന്നും. ചര്‍ച്ചകളില്‍ ഇന്ത്യ പൂര്‍ണതൃപ്തരാണെന്നും ഗോഖലെ പറഞ്ഞു. ജമ്മു കശ്‍മീരിലടക്കം ഇന്ത്യ നേരിടുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ച് ചര്‍ച്ചയില്‍ വിശദീകരിച്ചു. ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ നടപ്പാക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം സമയപരിധി വച്ചിട്ടില്ലെന്നും എന്നാല്‍ എത്രയും പെട്ടെന്ന് വ്യാപാരകരാര്‍ യഥാര്‍ത്ഥ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചകളുടെ ഭാഗമായി വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയല്‍ ന്യൂയോര്‍ക്കില്‍ എത്തിയിരുന്നു. യുഎസ് പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. കാര്യങ്ങളില്‍ കാര്യമായ പുരോഗതിയുണ്ട്. ഇന്ത്യ-യുഎസ് വാണിജ്യകരാര്‍ എത്രയും പെട്ടെന്ന് യഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇരു രാഷ്ട്രത്തലവന്‍മാരും പിരിഞ്ഞത്. -ഗോഖലെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam