ഇറാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തര പോരാട്ടം; സമാധാന നൊബേൽ മനുഷ്യാവകാശ പ്രവർത്തക നാർഗസ് മുഹമ്മദിക്ക്

Published : Oct 06, 2023, 03:16 PM ISTUpdated : Oct 06, 2023, 06:40 PM IST
ഇറാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തര പോരാട്ടം; സമാധാന നൊബേൽ മനുഷ്യാവകാശ പ്രവർത്തക നാർഗസ് മുഹമ്മദിക്ക്

Synopsis

ജയിലിൽനിന്ന് നാർഗസ് മുഹമ്മദിയെ മോചിപ്പിക്കണമെന്ന് നോബൽ സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്

ഓസ് ലോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക നാർഗസ് മുഹമ്മദിക്ക്. സ്ത്രീകൾ കടുത്ത അടിച്ചമർത്തൽ നേരിടുന്ന ഇറാനിൽ അവരുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. ഇറാൻ ഭരണകൂടം 31 വർഷത്തെ ജയിൽ ശിക്ഷയ്ക്ക്  വിധിച്ച നാർഗസ് മുഹമ്മദി ഇപ്പൊൾ തെഹ്റാനിലെ ജയിലിൽ ആണ്. മനുഷ്യാവകാശങ്ങള്‍ക്കായി ഇറാന്‍ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നാര്‍ഗസ് മുഹമ്മദി. 

ലോകത്തിന്‍റെ പരമോന്നത സമാധാന പുരസ്‌കാരമാണ് 59കാരിയായ നാര്‍ഗസ് മുഹമ്മദിയെ തേടിയെത്തിയിരിക്കുന്നത്.ഇറാനിലെ മത ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന നാര്‍ഗസ് പുരസ്കാര വാര്‍ത്ത അറിഞ്ഞുവോയെന്ന് വ്യക്തമല്ല. തെഹ്റാനിലെ ജയിലില്‍ കഴിയുന്ന നാര്‍ഗസിനെ പുരസ്കാര വാര്‍ത്ത അറിയിച്ചത് സംബന്ധിച്ച സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ, മനുഷ്യരുടെ അവകാശങ്ങൾക്കായി പോരാടുന്ന എല്ലാ ഇറാൻകാർക്കുമായി പുരസ്‌കാര പ്രഖ്യാപനത്തെ കാണുന്നുവെന്ന് നാർഗസ് മുഹമ്മദിയുടെ കുടുംബം പ്രതികരിച്ചു. ജയിലിൽനിന്ന് നാർഗസ് മുഹമ്മദിയെ മോചിപ്പിക്കണമെന്ന് നോബൽ സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, പുരസ്‌കാര വാർത്തയെ പരിഹാസത്തോടെയാണ് ഇറാന്‍റെ ദേശീയ മാധ്യമങ്ങൾ അവതരിപ്പിച്ചത്. ഇറാനെതിരെ ദേശദ്രോഹ പ്രവർത്തനം നടത്തുന്ന വനിതയ്ക്ക് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിഫലം എന്നാണ് ഇറാന്റെ ദേശീയ വാർത്ത ഏജൻസി വാർത്ത റിപ്പോർട്ട് ചെയ്തത്. 

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ മഹ്‌സ അമിനി എന്ന പെൺകുട്ടിയെ കഴിഞ്ഞ വർഷം ഇറാൻ പൊലീസ് മർദിച്ചു കൊന്നിരുന്നു. അതിനെ തുടർന്ന് ആയിരക്കണക്കിന് സ്ത്രീകൾ ആണ് തെരുവിൽ ഇറങ്ങി ശിരോവസ്ത്രം വലിച്ചെറിഞ്ഞത്. ഈ സമരങ്ങളുടെ പേരിൽ നിരവധി പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. പൊലീസിന്റെയും പട്ടാളത്തിന്റെയും വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇങ്ങനെ സമാനതകളില്ലാത്ത പോരാട്ടം ഇറാനിലെ മനുഷ്യാവകാശവാദികൾ നടത്തുന്നതിനിടെയാണ് ആഗോള സമാധാന പുരസ്‌കാരം ഇറാനിലേക്ക് എത്തുന്നത്.

Readmore..ഇന്ത്യക്ക് വഴങ്ങി കാനഡ; നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു

PREV
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ