
സ്റ്റോക്ക്ഹോം: മനുഷ്യരാശി ഒന്നാകെ ഭയപ്പെട്ടുപോയതാണ് കൊവിഡ് 19 കാലം. ഓരോ ദിവസവും ലോകത്ത് ഈ വൈറസ് കാരണം മരിച്ചുവീണവരുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരുന്നത്. ലോകമൊന്നാകെ അടച്ചുപൂട്ടിയ ദിനങ്ങളായിരുന്നു. ഇന്ത്യയിലും കേരളത്തിലുമെല്ലാം അവസ്ഥ മറ്റൊന്നായിരുന്നില്ല. പുറത്തിറങ്ങാൻ പോലും മനുഷ്യൻ ഭയപ്പെട്ട കാലത്ത് രക്ഷക്കുള്ള വഴി തെളിച്ചവരാണ് കാറ്റലിൻ കാരിക്കോയും ഡ്രീ വൈസ്മാനും. കൊവിഡ് പ്രതിരോധത്തിൽ അതിനിർണായകമായ വാക്സീൻ കണ്ടുപിടിത്തത്തിനുള്ള ഗവേഷണം നടത്തിയ ഇരുവർക്കും ഇന്ന് ലോകത്തിന്‍റെ ആദരം. ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ ആണ് ഇരുവർക്കുമായി പ്രഖ്യാപിച്ചത്.
അറബികടലിലെ തീവ്ര ന്യൂനമർദ്ദം കരതൊട്ടതോടെ കനത്തമഴ; 3 ജില്ലകളിൽ മഴ ശക്തം
കൊവിഡ് 19 എം ആർ എൻ എ വാക്സീൻ വികസനത്തിനുള്ള ഗവേഷണത്തിനാണ് കാറ്റലിൻ കാരിക്കോയും ഡ്രീ വൈസ്മാനും 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സമ്മാനിക്കുന്നത്. കാറ്റലിൻ കാരിക്കോയുടെ ജന്മദേശം ഹംഗറിയാണ്. ഡ്രൂ വൈസ്മാനാകട്ടെ അമേരിക്കയിലാണ് ജനിച്ചത്. ഇരുവരും പെൻസിൽവാനിയ സർവകലാശാലയിൽ വച്ച് നടത്തിയ ഗവേഷണമാണ് 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അർഹമായത്. എം ആർ എൻ എ വാക്സീനുകളുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണമാണ് ഇരുവരും ചേർന്ന് നടത്തിയത്. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം നേടുന്ന പതിമൂന്നാം വനിതയാണ് കാറ്റലിൻ. കാറ്റലിൻ കാരിക്കോയുടെ പുസ്തകം 'ബ്രേക്കിംഗ് ത്രൂ' ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്കാര നേട്ടം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
മഹാമാരിയോട് പൊരുതാൻ ലോകത്തിന് നൽകിയ ആയുധം
കൊവിഡ് മഹാമാരിയോട് പൊരുതാൻ ലോകത്തിന് ആയുധം നൽകിയ ഗവേഷണത്തിന് ഇക്കുറി നോബേൽ തിളക്കം. കാറ്റലിൻ കാരിക്കോയുടെയും ഡ്രൂ വൈസ്മാന്റെയും വർഷങ്ങൾ നീണ്ട ഗവേഷണങ്ങളുടെ ഫലമാണ് കൊവിഡ് കാലത്ത് അതിവേഗ എം ആർ എൻ എ വാക്സീൻ വികസനം സാധ്യമാക്കിയത്. 1997 ൽ പെൻസിൽവാനിയ സർവകലാശാലയിലെ ഒരു ഫോട്ടോക്കോപ്പി മെഷീനിനടുത്ത് വച്ച് തുടങ്ങിയ സൗഹൃദമാണ് ഇപ്പോൾ നോബേൽ വരെയെത്തി നിൽക്കുന്നത്. ആർ എൻ എ അധിഷ്ഠിത ചികിത്സാ രീതികൾ പല തരത്തിൽ പരീക്ഷിക്കപ്പെടുന്നുണ്ടായിരുന്നെങ്കിലും കാര്യമായ ഫലപ്രാപ്തി നൽകുന്നുണ്ടായിരുന്നില്ല. ഇതിന് കാരണം ശരീരം ഇത്തരം ആർ എൻ എ അധിഷ്ഠിത മരുന്നുകളെ പുറന്തള്ളാൻ ശ്രമിക്കുന്നതാണെന്ന് കാരിക്കോയും വൈസ്മാനും തിരിച്ചറിഞ്ഞു. അതിനുള്ള പരിഹാരവും കണ്ടെത്തി. ആർ എൻ എയിൽ എങ്ങനെ മാറ്റങ്ങൾ വരുത്തിയാൽ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാമെന്ന ഇവരുടെ ആദ്യ ഗവേഷ പ്രബന്ധം വരുന്നത് 2005 ലാണ്. തുടക്കത്തിൽ ഇവരുടെ പഠനം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. തുടർപഠനങ്ങൾ ഈ സാങ്കേതിക വിദ്യ വാക്സീൻ നിർമ്മാണത്തിന് അനുയോജ്യമെന്ന് കണ്ടെത്തി.
കൊവിഡ് മഹാമാരി പടർന്നുപിടിക്കുന്നതിന് മുമ്പ് തന്നെ ഈ സാങ്കേതിക വിദ്യയുപയോഗിച്ച് ഇൻഫ്ലുവൻസ് വാക്സീൻ അടക്കം നിർമ്മിക്കാനുള്ള ഗവേഷണം നടക്കുന്നുണ്ടായിരുന്നു. ദീർഘകാലത്തെ പഠനങ്ങളുടെ പിൻബലം കൊവിഡ് വാക്സീൻ വികസനം വേഗത്തിലാക്കി. അറുപത്തിനാല് കാരനായ വൈസ്മാൻ ഇപ്പോഴും പെൻസിൽവാനിയ സർവകലാശാലയിൽ തുടരുകയണ്. ഹംഗറിയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ കാറ്റലിൻ കാരിക്കോ വൈദ്യശാസ്ത്ര നോബേൽ നേടുന്ന പതിമൂന്നാമത്തെ വനിതയാണ്. അക്കാദമിക് രംഗത്തെ തന്‍റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന 'ബ്രേക്കിംഗ് ത്രൂ' , മൈ ലൈഫ് ഇൻ സയൻസ് എന്ന പുസ്തകം ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് നോബേൽ തിളക്കവും കാറ്റലിനെ തേടിയെത്തിയിരിക്കുന്നത്. കാറ്റലിന്റെ മകൾ സൂസൻ ഫ്രാൻസിയ രണ്ട് വട്ടം ഒളിമ്പിക് സ്വർണ മെഡൽ നേടിയ തുഴച്ചിൽ താരമാണ്. സാമ്പത്തിക പ്രതിസന്ധികളോടും കാൻസറിനോടും പോരാടി ജയിച്ച കാറ്റലിന്‍റെ കഥ ഭാവി തലമുറയ്ക്ക് പ്രചോദനമാകുമെന്നുറപ്പാണ്.