
സിയോൾ: ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി ദക്ഷിണ കൊറിയൻ സൈന്യം. കിഴക്കൻ തീരത്തെ വോൺസാനിൽ നിന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കുറഞ്ഞത് പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും ഇവ 250 കിലോമീറ്റർ (155 മൈൽ) അകലെ കടലിൽ പതിച്ചതായും ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലയിൽ കൂടുതൽ മിസൈൽ വിക്ഷേപണങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ട് ദക്ഷിണ കൊറിയ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മിസൈൽ വിക്ഷേപണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അമേരിക്കയുമായും ജപ്പാനുമായും പങ്കുവെക്കുന്നുണ്ടെന്നും ആശയവിനിമയം നടത്തുന്നുണ്ടെന്നും ദക്ഷിണ കൊറിയ അറിയിച്ചു. അതേസമയം, ഉത്തര കൊറിയ വിക്ഷേപിച്ച മിസൈലുകൾ ജപ്പാന്റെ അതിർത്തി പ്രദേശങ്ങളിൽ പതിച്ചിട്ടില്ലെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഉത്തര കൊറിയയുടെ നീക്കത്തിന് പിന്നാലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തു. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രകോപനപരമായ ഇത്തരം നടപടികളിൽ നിന്ന് ഉത്തര കൊറിയ പിന്മാറണമെന്നും ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിനും മുന്നിൽ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ ശേഷി പ്രദർശിപ്പിക്കാനാണ് ഉത്തര കൊറിയ ഈ വിക്ഷേപണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സിയോളിലെ ഡോങ്‌ഗുക് സർവകലാശാലയിലെ ഉത്തരകൊറിയൻ പഠന കേന്ദ്രം പ്രൊഫസർ കിം യോങ്-ഹ്യുൻ നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam