അജിത് ഡോവലും റഷ്യൻ ഉപപ്രധാനമന്ത്രിയും തമ്മിൽ നിർണായക കൂടിക്കാഴ്ച; സൈനിക സാങ്കേതിക സഹകരണം ഉൾപ്പെടെ ചർച്ചയായി

Published : Aug 09, 2025, 08:56 AM ISTUpdated : Aug 09, 2025, 08:57 AM IST
Ajit Doval meets Russia deputy PM

Synopsis

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, തന്ത്രപ്രധാനമായ സഹകരണമാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തതെന്ന് റഷ്യൻ എംബസി

മോസ്കോ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്‍റുറോവുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, തന്ത്രപ്രധാനമായ സഹകരണമാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തതെന്ന് റഷ്യൻ എംബസി അറിയിച്ചു. സൈനിക സാങ്കേതിക രംഗങ്ങളിലെ സഹകരണം, വിമാനങ്ങളുടെ നിർമ്മാണം, രാസ വ്യവസായം, ഇരുമ്പ് ഉരുക്ക് നിർമ്മാണം തുടങ്ങിയ വിവിധ മേഖകളിലെ സഹകരണം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി.

മാന്‍റുറോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു ദിവസം മുമ്പ്, അജിത് ഡോവൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായും റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗുമായും ചർച്ച നടത്തി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും ഫോണിൽ സംസാരിച്ചു. വ്യാപാരം, സാമ്പത്തിക - നിക്ഷേപ സഹകരണം എന്നിവ ചർച്ച ചെയ്തു. വിശദമായ ഫലപ്രദമായ ചർച്ച എന്നാണ് മോദിയുടെ പ്രതികരണം. യുക്രെയ്നിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ പുടിൻ പങ്കുവെച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതി അവലോകനം ചെയ്തു. ഈ വർഷം അവസാനം പ്രസിഡന്‍റ് പുടിന് ഇന്ത്യയിൽ ആതിഥ്യമരുളാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യയ്ക്ക് അമേരിക്ക അധിക തീരുവ ചുമത്തിയതിന് പിന്നാലെയായിരുന്നു ചർച്ച എന്നത് ശ്രദ്ധേയമാണ്. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത റഷ്യയും ഇന്ത്യയും ആവർത്തിച്ച് ഉറപ്പിച്ചു. ഈ വർഷം അവസാനം നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് വരാൻ മോദി പുടിനെ ക്ഷണിച്ചു.

 

 

50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളി നേരിടാനാണ് ഇന്ത്യയുടെ നീക്കം. അമേരിക്കൻ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ എത്തിച്ചേർന്നിരിക്കുന്നത്. മറ്റേതെങ്കിലും രാജ്യവും അമേരിക്കയുമായുള്ള വ്യാപാര ബന്ധവും കൂട്ടിക്കുഴയ്ക്കേണ്ട കാര്യം ട്രംപിനില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ചക്ക് ഇന്ത്യ തയ്യാറാകില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം ഇന്ത്യ റദ്ദാക്കി. മോദി നേരത്തെ നടത്തിയ സന്ദർശനത്തിന്‍റെ തുടർച്ചയായുള്ള പ്രതിരോധ മന്ത്രിയുടെ സന്ദർശനമാണ് ഇന്ത്യ റദ്ദാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം