
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ന്യൂയോർക്കിൻ്റെ മേയറായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയുടെ വിജയത്തിൽ പ്രതികരിച്ച് അതിസമ്പന്നനായ ബാരി സ്റ്റേൺലിച്. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ മംദാനിയുടെ നയങ്ങൾ ന്യൂയോർക്ക് നഗരം മുംബൈ പോലെയാകാൻ കാരണമാകുമെന്ന് അദ്ദേഹം വിമർശിച്ചു. നഗരത്തിൽ നിന്ന് വൻകിട കൺസ്ട്രക്ഷൻ കമ്പനികളെയടക്കം ആട്ടിയോടിക്കുന്നതാണ് മംദാനിയുടെ നയമെന്ന് അദ്ദേഹം വിമർശിച്ചു. നഗരത്തിൽ നടപ്പാക്കുമെന്ന് മംദാനി പ്രഖ്യാപിച്ച പുതിയ വാടക നയത്തിലാണ് ബാരി സ്റ്റേൺലിചിൻ്റെ അമർഷം.
സ്റ്റാർവുഡ് ക്യാപിറ്റൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമാണ് ബാരി സ്റ്റേൺലിച്ച്. സോഷ്യലിസം ചരിത്രത്തിൽ ഒരിക്കലും വിജയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാടകക്കാർ പണം നൽകേണ്ടെന്ന് ഇടതുപക്ഷക്കാർ ഭ്രാന്തമായി പറയുന്നു. ശരി, വാടക നൽകിയില്ലെങ്കിൽ നിങ്ങൾക്ക് അവരെ പുറത്താക്കാനും കഴിയില്ല. ഓരോരുത്തരായി പണം നൽകാതെ വന്നാലോ. അങ്ങനെ വരുമ്പോൾ ന്യൂയോർക്ക് നഗരം മറ്റൊരു മുംബൈ നഗരമായി മാറുമെന്ന് അദ്ദേഹം വിശദീകരിച്ചു.