
ദില്ലിയിലും ഇസ്ലാമാബാദിലും 24 മണിക്കൂറിനിടെ സംഭവിച്ച ഭീകരാക്രമണങ്ങൾ ലോകത്താകെ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. നവംബർ 11 ന് റെഡ് ഫോർട്ടിനടുത്താണ് ദില്ലിയെ നടുക്കിയ കാർ ബോംബ് സ്ഫോടനം നടന്നത്. 24 മണിക്കൂറിനകം പാകിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ജില്ലാ കോടതി സമുച്ചയത്തിനടുത്തും ബോംബ് സ്ഫോടനം നടന്നു. രണ്ടും ഭീകരാക്രമണം എന്ന നിലയിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് പാകിസ്ഥാൻ സ്വീകരിച്ചിട്ടുള്ളത്. ഭീകരവാദത്തെ ശക്തമായി എതിർക്കുന്നതിന് പകരം ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാന്‍റെ നിലപാടിനെതിരെ വലിയ വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രമുഖ പാക് മാധ്യമ പ്രവർത്തകനായ തഹ സിദ്ദിഖിയുടെ വിമർശനവും വലിയ തോതിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ദില്ലിയിലും ഇസ്ലാമാബാദിലും ഭീകരാക്രമണം നടത്തിയവരെ 'പാക് സൈന്യം തങ്ങളുടെ സ്വത്ത്' എന്നാണ് വിശേഷിപ്പിക്കുന്നതെന്നാണ് തഹ സിദ്ദിഖിയുടെ വിമർശനം.
ഭീകരതയെ ശക്തമായി എതിർക്കാൻ പാകിസ്ഥാന് സാധിക്കാത്തതാണ് ഇത്തരം ആക്രമണങ്ങളുടെ കാതൽ എന്നാണ് തഹ സിദ്ദിഖി പറഞ്ഞുവയ്ക്കുന്നത്. ഇസ്ലാമിസ്റ്റ് ഭീകരവാദത്തെ പാകിസ്ഥാൻ ജനറലുകൾ തങ്ങളുടെ ആഭ്യന്തര, വിദേശ നയങ്ങളുടെ ഉപകരണമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. ഇസ്ലാമിസ്റ്റ് ഭീകരവാദത്തെ തങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കാതെ സൗത്ത് ഏഷ്യയിൽ സമാധാനം പുലരില്ലെന്നും തഹ സിദ്ദിഖി അഭിപ്രായപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പാക് മാധ്യമ പ്രവർത്തകന്‍റെ പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദില്ലിയിലും ഇസ്ലാമാബാദിലും ഭീകരാക്രമണങ്ങൾ നടന്നു. പാകിസ്ഥാൻ സൈന്യം തങ്ങളുടെ 'സ്വത്ത്' എന്ന് വിളിക്കുന്ന ഭീകരരാണ് ഇരു നഗരങ്ങളിലും ഭീകരത പടർത്തിയത്. സൗത്ത് ഏഷ്യയിൽ സമാധാനം ഉണ്ടാകണമെങ്കിൽ, പാകിസ്ഥാൻ ജനറലുകൾ ഇസ്ലാമിസ്റ്റ് ഭീകരവാദത്തെ ആഭ്യന്തര, വിദേശ നയങ്ങളുടെ ഉപകരണമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം.
അതേസമയം ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ എൻ ഐ എ 10 അംഗ സംഘം രൂപീകരിച്ചു. എൻ ഐ എ അഡീഷണൽ ഡയറ്കടർ ജനറൽ വിജയ് സാഖ്റെയ്ക്കാണ് അന്വേഷണ സംഘത്തിന്‍റെ ചുമതല. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കശ്മീർ, ദില്ലി പൊലീസിൽ നിന്ന് എൻ ഐ എ കേസിന്റെ രേഖകൾ ഏറ്റെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്‍റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡി എം ആര്‍ സി അടച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam