
ന്യൂയോർക്ക്: അമേരിക്കയിൽ മുസ്ലിം പുരോഹിതനെ വെടിവെച്ച് കൊന്ന സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. സംഭവം ഭീകരവാദ ആക്രമണമോ തീവ്രവാദ ആക്രമണമോ അല്ലെന്ന് പൊലീസ് അറിയിച്ചു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പുറത്തുവിടുന്നതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ആരാണ് കൊന്നതെന്നോ എന്തിനാണ് കൃത്യമെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
തീവ്രവാദമാണോ കൊലക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ന്യൂ ജഴ്സി പൊലീസ് അറിയിച്ചു. ഭീകരവാദമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രചരിക്കുന്നുണ്ടെന്നും എന്നാൽ, വ്യക്തമായ തെളിവില്ലാതെ ഇത്തരം പ്രചാരണങ്ങൾ നടത്തരുതെന്നും പൊലീസ് അറിയിച്ചു. ന്യൂജേഴ്സിയിലെ നെവാർക്ക് നഗരത്തിലെ മുഹമ്മദ് മസ്ജിദിലെ ഇമാം ഹസ്സൻ ഷരീഫാണ് കഴിഞ്ഞ ദിവസം പള്ളിക്ക് മുന്നിൽവെച്ച് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മസ്ജിദിലെ പുരോഹിതനെന്നതിനൊപ്പം 2006 മുതൽ നെവാർക്കിലെ ലിബേർട്ടി ഇന്റർനാഷണൽ എയർപ്പോർട്ടിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു ഹസ്സൻ. ബുധനാഴ്ച പുലർച്ചെ പ്രാർത്ഥന കഴിഞ്ഞ് പള്ളിക്ക് പുറത്തെത്തിയ ഹസ്സന് നേരെ തോക്കുമായെത്തിയ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. രക്തത്തിൽ കുളിച്ച് കിടന്ന ഇമാമിനെ പരിസരവാസികളും പള്ളിയിൽ പ്രാർത്ഥനക്കെത്തിയവരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇമാം പിന്നീട് മരണത്തിനു കീഴടങ്ങി. പോസ്റ്റ്മാർട്ടത്തിൽ മൃതദേഹത്തിൽ നിന്നും രണ്ടിലധികം വെടിയുണ്ടകളാണ് കണ്ടെടുത്തിയിട്ടുള്ളത്.
ആക്രമിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25000 ഡോളർ പാരിതോഷികമായി നൽകുമെന്ന് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി വാഗ്ദാനം ചെയ്തു. മുസ്ലിം വിഭാഗത്തിന് തന്നാൽ കഴിയും വിധം സുരക്ഷയും സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ-ഹമാസ് സംഘർഷം തുടങ്ങിയത് മുതൽ അമേരിക്കയിലുടനീളം നിരവധി മുസ്ലീം വിരുദ്ധ, യഹൂദവിരുദ്ധ പ്രക്ഷോഭങ്ങളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുമായി ഈ ആക്രമണത്തിനു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ന്യൂജേഴ്സി പൊലീസ് വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam