
ലണ്ടൻ: വീട്ടുമറ്റത്തെ ഗാർഡൻ അലങ്കരിക്കാനായി സൂക്ഷിച്ചിരുന്ന പഴയ ഒരു വസ്തു ഉഗ്രശേഷിയുള്ള മിസൈൽ ബോംബ് ആണെന്ന് അറിഞ്ഞ് ഞെട്ടി വീട്ടുടമ. യുകെയിലെ മിൽഫോർഡ് ഹേവനിലെ പെംബ്രോക്ക്ഷെയറിലെ വീടിന് പുറത്ത് സിയാനും ജെഫ്രി എഡ്വേർഡും പൂന്തോട്ടം അലങ്കരിക്കാനായി വെച്ചിരുന്ന ചുവന്ന വസ്തുവാണ് പഴയ മിസൈൽ ബോംബ് ആണെന്ന് തിരിച്ചറിഞ്ഞത്. പതിവ് പെട്രോളിംഗിനെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ വീട്ടുകാരെയും ബോംബ് സ്വാഡിനെയും വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥൻ വയോധിക ദമ്പതിമാരുടെ പുന്തോട്ടത്തിൽ ബോംബ് കണ്ടെത്തുന്നത്. എന്നാൽ ദമ്പതിമാർ ഇത് ഡമ്മി ബോംബ് ആണെന്നാണ് കരുതിയിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് റോയൽ നേവിക്ക് വേണ്ടിയുള്ള യുദ്ധക്കപ്പലുകളിൽ ഉപയോഗിച്ചിരുന്ന മിസൈൽ ബോംബാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ബോബിൽ ചെറിയ ചാർജ്ജ് ഉണ്ടെന്ന് മനസിലാക്കി വലിയ സുരക്ഷയോടെയാണ് വീട്ടിൽ നിന്നും നീക്കം ചെയ്തത്.
ബോംബ് മാറ്റുന്ന സമയത്ത് പ്രദേശത്തെ ജനങ്ങളെ മാറ്റുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ ബോംബ് സ്ക്വാഡ് എത്തി നടത്തിയ പരിശോധനയിൽ മിസൈൽ ബോംബിന് ഇഗ്രസ്ഫോടന ശേഷിയില്ലെന്ന് വിലയിരുത്തി. തുടർന്ന് ബോംബ് ഒരു ട്രക്കിലേക്ക് മാറ്റി അഞ്ച് ടൺ മണൽ കൊണ്ട് മൂടിയാണ് വീട്ടിൽ നിന്നും മാറ്റിയത്. വാൾവിൻ കാസിലിലെ ഉപയോഗശൂന്യമായ ഒരു ക്വാറിയിലേക്ക് കൊണ്ടുപോയാണ് ബോംബ് നിർവീര്യമാക്കിയത്.
ഒരു "പഴയ സുഹൃത്തിനെ" നഷ്ടപ്പെടുന്നത് പോലെ എന്നായിരുന്നു ബോംബ് നിർവീര്യമാക്കിയതിനോട് സിയാനും ജെഫ്രി എഡ്വേർഡും പ്രതികരിച്ചത്. അത് യഥാർത്ഥ ബോംബ് അല്ലെന്നാണ് കരുതിയിരുന്നത്. ഇത്രനാളും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. എന്നാൽ ഇന്ന് അത് ഇല്ലാതായിരിക്കുന്നു, എനിക്ക് 77 വയസായി. 100 വർഷങ്ങൾക്ക് മുമ്പാണ് ഈ ബോംബ് കണ്ടെത്തിയതെന്നാണ് ഇത് സമ്മാനിച്ച സുഹൃത്ത് പറഞ്ഞത്. ഒരു സുഹൃത്ത് നഷ്ടപ്പെട്ടപോലെ തോന്നുന്നു'-എഡ്വേർഡ് പറഞ്ഞു.