
ലണ്ടൻ: ലോകത്ത് നിലവിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ പുരുഷനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് പൗരനായ ജോൺ ടിന്നിസ്‍വുഡ്. 111 വയസുകാരനായ അദ്ദേഹത്തിന് റെക്കോർഡ് സ്വന്തമായിട്ട് അധിക ദിവസമായിട്ടില്ല. ഇതിനും മുമ്പ് ഏറ്റവും പ്രായമേറിയ പുരുഷനായി അറിയപ്പെട്ടിപുന്ന വെനിസ്വേലൻ പൗരൻ ജുവാൻ വിൻസെന്റെ പെരെസ് മൊറ ഈയാഴ്ചയാണ് മരണപ്പെട്ടത്. ഇതോടെ രണ്ടാം സ്ഥാനക്കാരനായിരുന്ന ജോൺ ടിന്നിസ്‍വുഡിന് ഗിന്നസ് റെക്കോർഡ് സ്വന്തമായി.
1912ൽ വടക്കൻ ഇംഗണ്ടിൽ ജനിച്ച ജോൺ ടിന്നിസ്‍വുഡിന് കൃത്യമായി പ്രായം പറഞ്ഞാൽ 111 വയസും 222 ദിവസവുമായി. തങ്ങളുടെ വിദഗ്ധർ നടത്തിയ വിലയിരുത്തലുകളുടെയും, ലോകത്ത് ഏറ്റവുമധികം പ്രായമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കുന്ന ഒരു വാർദ്ധക്യകാല വിജ്ഞാന (Gerontology) ഗവേഷണ സംഘത്തിന്റെ കണ്ടെത്തലുകളും അനുസരിച്ചാണ് ജോൺ ടിന്നിസ്‍വുഡിന് ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷനുള്ള പുരസ്കാരം സമ്മാനിച്ചതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നേരത്തെ അക്കൗണ്ടന്റായും പോസ്റ്റൽ സർവീസിലുമൊക്കെ ജോലി ചെയ്തിട്ടുള്ള ജോൺ ടിന്നിസ്‍വുഡ്, അരനൂറ്റാണ്ട് മുമ്പേ ജോലിയിൽ നിന്നൊക്കെ വിരമിച്ച് വിശ്രമ ജീവിതത്തിലാണ്. അതേസമയം ഈ ദീർഘായുസിന് കാരണമാവുന്ന അദ്ദേഹത്തിന്റെ ജീവിത ശൈലിയും ഭക്ഷണ ക്രമവുമെല്ലാം അറിയാൻ പലർക്കും ആഗ്രഹമുണ്ടാവുക സ്വാഭാവികവുമാണ്. എന്നാൽ ഇക്കാര്യം നേരിട്ട് ചോദിച്ചപ്പോൾ കൗതുകകരമായിരുന്നു ജോൺ ടിന്നിസ്‍വുഡിന്റെ മറുപടി.
ദീർഘായുസൊക്കെ വെറും ഭാഗ്യം മാത്രമാണെന്നും അതിനപ്പുറം അതിൽ വലിയ രഹസ്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ഡയറ്റോ മറ്റ് രഹസ്യങ്ങളോ ഇല്ല. മത്സ്യവും ചിപ്സും ചേർത്ത് തയ്യാറാക്കുന്ന വിഭവമാണ് (fish and chips) ഇഷ്ടപ്പെട്ട ഭക്ഷണം. പുകവലിക്കാറില്ല, വല്ലപ്പോഴും മാത്രം മദ്യപിക്കും. പത്രം വായിക്കുകയും റേഡിയോ കേൾക്കുകയുമൊക്കെ ചെയ്യുന്നതാണ് വിനോദങ്ങൾ. 'നിങ്ങൾ ചിലപ്പോൾ കൂടുതൽ കാലം ജീവിക്കും, ചിലപ്പോൾ കുറച്ചു കാലം ജീവിക്കും, അതിലൊന്നും നിങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷനുള്ള റെക്കോർഡ് ജോൺ ടിന്നിസ്‍വുഡ് സ്വന്തമാക്കിയെങ്കിലും, 117 വയസുള്ള സ്പെയിൻകാരി മരിയ ബ്രൻയാസ് മൊറേറയാണ് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam