
ഓസ്ലോ: നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവ് അന്തരിച്ചു.യൂറോപ്പിൽ നിലവിലിരുന്ന ഭരണാധികാരികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഹാരോൾഡ് അഞ്ചാമൻ. 89ാം വയസിലാണ് അന്ത്യം. 35 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണകാലത്തിനാണ് അവസാനമായിരിക്കുന്നത്.കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അന്ത്യമെന്നാണ് കൊട്ടാരം ഔദ്യോഗികമായി പുറത്ത് വിട്ട പ്രസ്താവനയിൽ വിശദമാക്കുന്നത്. 1937ലാണ് ഹാരാൾഡ് ജനിക്കുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനി നോർവേ ആക്രമിക്കുമ്പോൾ മൂന്ന് വയസ്സുള്ള കുട്ടിയായിരുന്നു. യുദ്ധകാലത്ത് അച്ഛൻ ഓലാവ് രാജകുമാരനും മുത്തശ്ശൻ ഹാക്കോൺ ഏഴാമൻ രാജാവും ലണ്ടനിലിരുന്ന് ഒളിവുജീവിതവും ഭരണവും നയിച്ചപ്പോൾ, ഹരാൾഡ് തന്റെ ബാല്യകാലത്തിന്റെ ഒരു ഭാഗം അമേരിക്കയിലാണ് അഭയാർത്ഥിയായി കഴിഞ്ഞത്. യുദ്ധത്തിനുശേഷം നോർവേയിൽ തിരിച്ചെത്തിയ അദ്ദേഹം ഓക്സ്ഫോർഡ് സർവകലാശാലയിൽ ഉന്നതപഠനം പൂർത്തിയാക്കി.
1968ൽ സാധാരണക്കാരിയായ സോൻജയെ അദ്ദേഹം വിവാഹം കഴിച്ചു. സോൻജയെ വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കിൽ താൻ ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരുമെന്ന അദ്ദേഹത്തിന്റെ ദൃഢനിശ്ചയമാണ് രാജകുടുംബത്തിന്റെ പരമ്പരാഗതമായ വിവാഹ നിയമങ്ങളിൽ മാറ്റം വരുത്താൻ വഴിതുറന്നത്. 1991 ജനുവരി 21ന് പിതാവ് ഓലാവ് അഞ്ചാമൻ രാജാവിന്റെ വിയോഗത്തെ തുടർന്നാണ് ഹരാൾഡ് അഞ്ചാമൻ സിംഹാസനത്തിലേറിയത്. എല്ലാം നോർവേയ്ക്ക് വേണ്ടി എന്ന രാജകീയ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച അദ്ദേഹം, നോർവീജിയൻ ജനതയുടെ സ്നേഹവും ബഹുമാനവും നേടിയ രാജാവ് കൂടിയാണ്. 2011ൽ 77 പേരുടെ ജീവനെടുത്ത ഒസ്ലോ ഭീകരാക്രമണത്തിന് ശേഷം രാജ്യം തകർന്നുപോയ ഘട്ടത്തിൽ, ഭയത്തേക്കാൾ വലുതാണ് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമുള്ള നമ്മുടെ വിശ്വാസമെന്ന് പ്രഖ്യാപിച്ച് രാജ്യത്തിന് ആശ്വാസമേകിയതും 2016-ൽ എല്ലാ മതവിഭാഗങ്ങളെയും ലിംഗന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുന്നതും സ്വാഗതം ചെയ്യുന്നതുമായ അദ്ദേഹത്തിന്റെ പ്രസംഗവും രാജാവിന്റെ ഭരണകാലത്തെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളാണ്.
അവസാന കാലഘട്ടങ്ങളിൽ ഹൃദയശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും അണുബാധയെ തുടർന്നുള്ള ആശുപത്രിവാസവും നേരിടേണ്ടി വന്നിരുന്നെങ്കിലും, മരണം വരെ രാജ്യത്തെ സേവിക്കുമെന്ന പ്രതിജ്ഞയിൽ ഉറച്ചുനിന്നുകൊണ്ട് സ്ഥാനമൊഴിയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തോടെ മകനായ ഹാക്കോൺ നോർവേയുടെ പുതിയ രാജാവായി ചുമതലയേൽക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam