
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച നൽകിയ പുതിയ മുന്നറിയിപ്പിനെ തുടർന്ന് മിന്നൽ പ്രളയം നാശം വിതച്ച ത്രിശൂലിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പ്രദേശത്തെ റോഡ് പുനർനിർമ്മാണം ഉൾപ്പെടെ എല്ലാ ജോലികളും നിർത്തിവെച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ബുധനാഴ്ച ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നതിനിടെയാണ് വീണ്ടും പ്രളയ മുന്നറിയിപ്പ്.
"ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്, അതിനാൽ എല്ലാവരെയും തടയുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന വാഹനങ്ങളെല്ലാം മടങ്ങുകയാണ്. എല്ലാവരെയും അവിടെ നിന്ന് ഒഴിപ്പിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. എല്ലാ ജോലികളും നിർത്തിവെച്ചു. ഇതിലും വലിയ വെള്ളപ്പൊക്കം വരാനിരിക്കുകയാണ്, അതുകൊണ്ടാണ് എല്ലാവർക്കും ജാഗ്രതാ നിർദേശം നൽകുന്നത്"- നേപ്പാൾ പോലീസ് ഓഫീസർ പി ചൗധരി പറഞ്ഞു.
നേരത്തെ, ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതാണ് നേപ്പാളിൽ പ്രളയ മുന്നറിയിപ്പിന് കാരണമായത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലോങ്ചാങ് നഗരത്തിലാണ് ഭൂചലനമുണ്ടായതെന്ന് ചൈന എർത്ത്‌വേക്ക് നെറ്റ്‌വർക്ക് സെന്ററിനെ ഉദ്ധരിച്ച് സിജിടിഎൻ റിപ്പോർട്ട് ചെയ്തു. ടിബറ്റൻ ഭാഗത്തുനിന്ന് ശക്തമായ വെള്ളമൊഴുക്ക് ഉണ്ടായതോടെ ത്രിശൂലി നദിയിലെ ജലനിരപ്പ് ഉയരുമെന്ന ഭീതിയിൽ ആളുകളെ വീണ്ടും ഒഴിപ്പിക്കുകയാണെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു. ടിബറ്റൻ ഭാഗത്തുള്ള ഒരു അണക്കെട്ട് വീണ്ടും തകർന്നതായി നേപ്പാൾ പൊലീസ് മുന്നറിയിപ്പിൽ പറയുന്നു.
"ടിബറ്റ് ഭാഗത്തുള്ള ഡാം വീണ്ടും തകർന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉടൻ ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയോ മറ്റുള്ളവരെ അറിയിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു,"- നേപ്പാൾ പൊലീസ് എക്‌സിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam