ലോകരാഷ്ട്രീയത്തെ മാറ്റിമറിച്ച റഷ്യ - യുക്രെയ്ൻ യുദ്ധത്തിന് നാളെ ഒരു വ‍ര്‍ഷം; സമാധാനശ്രമങ്ങൾ നി‍ര്‍ജീവം

Published : Feb 23, 2023, 08:18 AM IST
ലോകരാഷ്ട്രീയത്തെ മാറ്റിമറിച്ച റഷ്യ - യുക്രെയ്ൻ യുദ്ധത്തിന് നാളെ ഒരു വ‍ര്‍ഷം; സമാധാനശ്രമങ്ങൾ നി‍ര്‍ജീവം

Synopsis

കഴിഞ്ഞ ഒരു വർഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരമാണ്. റഷ്യയുടെ ആക്രമണത്തോട്പിടിച്ചുനിൽക്കാൻ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണവും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചുനൽകിയ ആയുധങ്ങളാണ്. 

കീവ്: ലോക രാഷ്ട്രീയത്തെയും സാമ്പത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈൻ യുദ്ധത്തിന് നാളെ ഒരു വർഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത. ഏതൊരു യുദ്ധത്തിലും എന്ന പോലെ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് യുക്രൈൻ യുദ്ധത്തിന്റെയും ബാക്കിപത്രം. മരിയ്ക്കുകയും പരിക്കേൽക്കുകയും ചെയ്ത  റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രൈനിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകൾ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാൻ കാര്യമായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. 

കഴിഞ്ഞ ഒരു വർഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരമാണ്. റഷ്യയുടെ ആക്രമണത്തോട്പിടിച്ചുനിൽക്കാൻ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണവും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചുനൽകിയ ആയുധങ്ങളാണ്. 

റഷ്യയുടെ അധിനിവേശത്തോട് ചെറുത്തു നില്ക്കാൻ  യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും യുക്രൈന് നൽകിയ ആയുധങ്ങളിൽ പ്രധാനം അത്യന്താധുനിക  യുദ്ധടാങ്കുകൾ ആണ്. ഏറ്റവും ഒടുവിൽ അമേരിക്ക നൽകുമെന്ന് പ്രഖ്യാപിച്ചത് 31 എബ്രാംസ് ടാങ്കുകൾ. ഒരു കോടി അമേരിക്കൻ ഡോളർ ഓരോന്നിനും വിലയുള്ള ഈ ടാങ്കുകൾ ഉപയോഗിക്കാനുള്ള  പരിശീലനവും യുക്രൈന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടന്റെ 14 ചലഞ്ചർ 2 ടാങ്കുകൾ, ജർമനിയുടെ 14 ലെപ്പേഡ് 2  ടാങ്കുകൾ എന്നിവയും അടുത്തിടെ യുക്രൈന് ലഭിച്ചു. റഷ്യയുടെ ആക്രമണം തുടങ്ങും മുൻപ് യുക്രൈന്റെ പക്കൽ  ഉണ്ടായിരുന്നത് സോവിയറ്റ് കാലത്തെ ഏതാനും ടി 72 ടാങ്കുകൾ മാത്രമായിരുന്നു. 1970 കളിൽ നിർമിക്കപ്പെട്ട ടി 72 വിനെ അപേക്ഷിച്ചു എത്രയോ ആധുനികമായ യുദ്ധടാങ്കുകളാണ് ഇന്ന് യുക്രൈന്റെ പക്കൽ ഉള്ളത്. 

അമേരിക്ക നൽകുന്ന എബ്രാംസ് ലോകത്തെ ഏറ്റവും ആധുനികമായ യുദ്ധടാങ്കുകളാണ്. നാറ്റോ രാജ്യങ്ങൾ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ആധുനിക ടാങ്കുകൾ ഇന്ന് യുക്രൈന് നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്നു. ടാങ്കുകൾ മാത്രമല്ല കവചിത വാഹനങ്ങളുടെയും വലിയ ശേഖരം ഇന്ന് യുക്രൈന്റെ പക്കൽ ഉണ്ട്. അമേരിക്ക ഏറ്റവും ഒടുവിൽ യുക്രൈന് നൽകിയത് 90 സ്‌ട്രൈക്കർ കവചിത വാഹനങ്ങളാണ്. 59 ബ്രാഡ്‌ലെ ഫൈറ്റിംഗ് വെഹിക്കിൾസും അമേരിക്ക യുക്രൈന് നൽകി.  പേട്രിയറ്റ് മിസൈൽ  സംവിധാനം യുക്രൈന് നൽകുമെന്ന് അമേരിക്ക ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. നൂറു കിലോമീറ്റർ പരിധിയിലെ ലക്ഷ്യം തകർക്കാൻ ശേഷിയുള്ള പേട്രിയറ്റ് മിസൈൽ സംവിധാനം യുക്രൈന് വലിയ രക്ഷയാകുമെന്നതിൽ സംശയമില്ല. സോവിയറ്റ് കാലത്തെ S300  മിസൈൽ സംവിധാനം മാത്രമാണ് മുൻപ് യുക്രൈന് ഉണ്ടായിരുന്നത്. 

അമേരിക്ക മാത്രമല്ല 46 ലോകരാജ്യങ്ങൾ  കഴിഞ്ഞ ഒരു വർഷത്തിൽ യുക്രൈന് ആയുധ സഹായം നൽകിയിട്ടുണ്ട്.  ഒൻപതിനായിരം കോടി രൂപയുടെ ആയുധ സാമ്പത്തിക സഹായം ഇതിനകം യുക്രൈന് ലഭിച്ചു എന്നാണ് കണക്ക്. ഇതിന്റെ ഇരട്ടിയോളം തുകയുടെ  സഹായം വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓസ്‌ട്രേലിയയും കാനഡയും അമേരിക്കയും യുക്രൈന് നൽകിയ സുപ്രധാനമായ ആയുധമാണ് M777 ഹൗവിറ്റ്സർ. ഒന്നര പതിറ്റാണ്ടായി  ലോകത്തെ പ്രധാന സൈന്യങ്ങൾ എല്ലാം ഉപയോഗിക്കുന്ന ഈ ആയുധം  യുക്രൈന് റഷ്യയ്ക്ക് എതിരായ ചെറുത്തുനില്പിൽ ഏറെ സഹായകമായി.  ദീർഘദൂര റോക്കറ്റുകളുടെയും റോക്കറ്റ് ലോഞ്ചറുകളുടെയും വലിയ  ശേഖരം തന്നെ വിവിധ രാജ്യങ്ങളിൽ നിന്ന്  യുക്രൈന് ഇക്കാലയളവിൽ ലഭിച്ചു. 

എന്നാൽ യുക്രൈന്റെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്ന് ഇപ്പോഴും നാറ്റോ  രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. അത്യന്താധുനിക യുദ്ധവിമനങ്ങൾ നൽകണം എന്നതാണ് അത്. യുദ്ധവിമാനങ്ങൾ ഉലഭിച്ചാൽ റഷ്യയിലേക്ക് കടക്കന്നുകയറി യുക്രൈൻ ആക്രമണം നടത്തുമെന്ന് രാജ്യങ്ങൾ ഭയക്കുന്നു. അത് യുദ്ധത്തെ  മറ്റൊരു തലത്തിൽ എത്തിക്കുമെന്ന ആശങ്ക കാരണമാണ് യുദ്ധ വിമാനങ്ങൾ നൽകാത്തത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസ്; ഇതുവരെ ഒപ്പുവെച്ചത് 19 രാജ്യങ്ങൾ, പാകിസ്ഥാനിൽ മുറുമുറുപ്പ്, ക്ഷണം സ്വീകരിക്കാതെ ഇന്ത്യ
ഗ്രീൻലാൻഡ് തർക്കത്തിനിടെ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ ഡെന്മാർക്ക്; നിരോധനം പിൻവലിച്ചേക്കും