
അന്താരാഷ്ട്രാ തലത്തിൽ എണ്ണ ഉത്പാദനം സംബന്ധിച്ച് ഒപെക് പ്ലസ് രാജ്യങ്ങളുടെ നിർണായക തീരുമാനം. എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ ഏറ്റവും പുതിയ തീരുമാനം. മേയ് ഒന്ന് മുതൽ ഈ വർഷം അവസാനം വരെയായിരിക്കും നിയന്ത്രണം എന്നാണ് വ്യക്തമാകുന്നത്. രാജ്യാന്തരവിപണയിൽ എണ്ണയുടെ വില സ്ഥിരത നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് ഉത്പാദനം കുറയ്ക്കുന്നതെന്നാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ വിശദീകരണം.
അടുത്തിടെ വിപണിയിലുണ്ടായ പ്രതിസന്ധികൾ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിൽ മാറ്റം വരുത്തിയപ്പോൾ തന്നെ ഉത്പാദനത്തിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം പല സാമ്പത്തിക വിദഗ്ധരും ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. യു എസിലെയും സ്വിറ്റ്‌സർലൻഡിലെയും ബാങ്കിംഗ് പ്രതിസന്ധികൾ ക്രൂഡ് ഓയിൽ വിപണിയെ ബാധിച്ചതായും വിലയിരുത്തലുകളുണ്ടായിരുന്നു. നേരത്തെ റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തെത്തുടർന്ന് കഴിഞ്ഞ വർഷം ബാരലിന് ഏകദേശം 140 ഡോളറിലേക്ക് ഉയർന്നിരുന്നു. എന്നാൽ ഈ അടുത്തായി വലിയ ഇടിവാണ് ഉണ്ടായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 79.89 ഡോളറിലേക്കാണ് വില കൂപ്പുകുത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണ ഉൽപ്പാദനത്തിന്റെ 40 ശതമാനം ഒപെക് ഗ്രൂപ്പിന്റെ സംഭാവനയാണ്. സൗദി അറേബ്യ പ്രതിദിനം 500,000 ബാരലും ഇറാഖ് 211,000 ബാരലും ഉത്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചത്. യു എ ഇ, കുവൈറ്റ്, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടി കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം,പ്രതിദിനം അരലക്ഷം ബാരൽ വെട്ടിക്കുറയ്ക്കുന്നത് വർഷാവസാനം വരെ നീട്ടുമെന്ന് റഷ്യയും അറിയിച്ചിട്ടുണ്ട്. എണ്ണ വിപണിയുടെ സുസ്ഥിരതയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടിയാണ് ഈ നീക്കമെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
എണ്ണ ഇറക്കുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമായ ഇന്ത്യ, ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ഒപെക്കിനെയും അതിന്റെ അനുബന്ധ രാജ്യങ്ങളെയുമാണ് ആശ്രയിക്കുന്നത്. അതിനാൽ തന്നെ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam