ആവശ്യം അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്ക് അത് നേട്ടമാകും. പാർലമെന്‍റിൽ മടങ്ങിയെത്തി ഭരണപക്ഷത്തിനും പ്രധാനമന്ത്രിക്കുമെതിരായ വിമർശനം കടുപ്പിക്കാൻ അത് ആത്മവിശ്വാസം നൽകുകയും ചെയ്യും

ദില്ലി: ജയിൽ ശിക്ഷയും പിന്നെ പാർലമെന്‍റ് അംഗത്വത്തിന് അയോഗ്യതയിലേക്കും നയിച്ച അപകീര്‍ത്തി കേസില്‍ വിധി പുറപ്പെടുവിച്ച ഗുജറാത്തിലെ കോടതിയിലേക്ക് രാഹുല്‍ഗാന്ധി വീണ്ടും എത്തുമ്പോൾ രാജ്യവും അതീവ ശ്രദ്ധയോടെയാകും അത് നോക്കി കാണുന്നത്. ശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ കോടതിയിൽ തിങ്കളാഴ്ച അപ്പീല്‍ നല്‍കുമെന്ന് രാഹുലും കോൺഗ്രസും വ്യക്തമാക്കിക്കഴിഞ്ഞു. സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹിൽ നേരിട്ട് ഹാജരായിട്ടാകും അപ്പീൽ നൽകുക. കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആവശ്യം. ഇത് അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്ക് അത് നേട്ടമാകും. പാർലമെന്‍റിൽ മടങ്ങിയെത്തി ഭരണപക്ഷത്തിനും പ്രധാനമന്ത്രിക്കുമെതിരായ വിമർശനം കടുപ്പിക്കാൻ അത് രാഹുലിന് ആത്മവിശ്വാസം നൽകുകയും ചെയ്യും. എന്നാൽ കോടതിയിൽ തിരിച്ചടി നേരിട്ടാൽ മേൽക്കോടതികളിലേക്ക് കാത്തിരിപ്പ് തുടരേണ്ടിവരും.

രാഹുൽ-രാജ താരതമ്യം ആർക്കുവേണ്ടി? 'ബാലിശം', എംവി ഗോവിന്ദനെതിരെ സുധാകരൻ; 'ബിജെപിക്ക് ഉത്തേജനം പകരുന്നത് ശരിയോ?'

രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബി ജെ പിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെ സൂറത്തിലെ സെഷന്‍സ് കോ‍ടതിയിലേക്ക് തിങ്കളാഴ്ച എത്തുക. ഉച്ചക്ക് പന്ത്രണ്ടരയോടെ ദില്ലിയില്‍ നിന്ന് തിരിക്കുന്ന രാഹുല്‍ രണ്ടരയോടെ കോടതിയില്‍ ഹാജരാകുമെന്നാണ് വ്യക്തമാകുന്നത്. പ്രധാന നേതാക്കള്‍ രാഹുലിനെ അനുഗമിക്കും. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവർ അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് രാഹുലിന്‍റെ അപ്പീല്‍ തയ്യാറാക്കിയത്. ഗുജറാത്തിലെ കോടതികളില്‍ നിന്ന് നീതി കിട്ടുമോയെന്നതില്‍ സംശയമുള്ളതിനാല്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് കോൺഗ്രസ് നീങ്ങുന്നത്. പരാതിക്കാരനനുകൂലമായി ഗുജറാത്ത് ഹൈക്കോടതി നേരത്തെ സി ജെ എം കോടതി നടപടികളില്‍ ഇടപെട്ടത് പാര്‍ട്ടിയുടെ സംശയം ബലപ്പെടുത്തുന്നുണ്ടെന്ന് എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ പറഞ്ഞിരുന്നു.

കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിക്ക് അത് വലിയ ആശ്വാസവും ആത്മവിശ്വാസവുമാകും. പാർലമെന്‍റ് അംഗത്വത്തിലെ അയോഗ്യതയും നീങ്ങും. എന്നാല്‍ പാറ്റ്ന, ഹരിദ്വാർ എന്നിവിടങ്ങളിലടക്കം മറ്റ് കോടതികളിലും മാനനഷ്ടക്കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കോലാര്‍ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ മാസം 23 നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശം നല്‍കുകയും ചെയ്തിരുന്നു. കോടതി വിധിക്ക് പിന്നാലെ രാഹുലിന്‍റെ ലോക് സഭാംഗത്വവും റദ്ദായിരുന്നു.

YouTube video player