
ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്. സുരക്ഷാ സേന പ്രത്യാക്രമണത്തിലൂടെ 37 പേരെ വധിച്ചു.
പോരാട്ടത്തിന്‍റെ രണ്ടാം ഘട്ടമായ ‘ഓപ്പറേഷൻ ഹെറോഫ്’ ആരംഭിച്ചതായി ബിഎൽഎ നേതൃത്വം പ്രഖ്യാപിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി പുതിയ ഘട്ടം എന്നാണ് ബിഎൽഎ നേതാക്കളുടെ പ്രതികരണം. സൈനിക സ്ഥാപനങ്ങളെയും പൊലീസിനെയുമാണ് ബിഎൽഎ ലക്ഷ്യം വച്ചത്. എന്നാൽ 'ഭീകരരുടെ പദ്ധതികൾ തകർത്തു' എന്നാണ് പാകിസ്ഥാന്‍റെ അവകാശവാദം. ആക്രമണത്തെ തുടർന്ന് ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷ കർശനമാക്കി. പ്രധാന നഗരങ്ങളിൽ എല്ലാം സേനയെ വിന്യസിച്ചു. ആക്രമണത്തിൽ സാധാരണ ജനങ്ങൾക്ക് പരിക്കേറ്റതായി വിവരമില്ല.
ക്വറ്റ, പാസ്നി, മസ്തൂങ്, നുഷ്കി, ഗ്വാദർ എന്നിവിടങ്ങളിലാണ് പ്രധാനമായും ബിഎൽഎയും പാക് സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്- "37 ഭീകരരെ ഇല്ലാതാക്കി. സുരക്ഷാസേനയിലെ 10 പേർ വീരമൃത്യു വരിച്ചു. കുറച്ചു പേർക്ക് പരിക്കേറ്റു"- എന്നാണ് പാക് സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബലൂച് ലിബറേഷൻ ആർമി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. മേഖലയിൽ സംഘർഷ സാഹചര്യം തുടരുകയാണ്. ധാതുസമ്പന്നമായ തെക്കു പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ പതിറ്റാണ്ടുകളായി സംഘർഷം തുടരുകയാണ്. സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യമാണ് ഇവിടെയുള്ളവർ ഉന്നയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam