'വേദനസംഹാരികളിൽ മയക്കുമരുന്നിന്റെ അംശം'; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് ഭീമമായ പിഴ ചുമത്തി അമേരിക്കന്‍ കോടതി

By Web TeamFirst Published Aug 27, 2019, 7:17 AM IST
Highlights

മരുന്നുൽപ്പാദന രംഗത്തെ ആഗോള ഭീമന്മാരായ ജോൺസൺ ആന്റ് ജോൺസണ് വൻ തുക പിഴ ചുമത്തി അമേരിക്കൻ കോടതി

വാഷിങ്ടണ്‍: മരുന്നുൽപ്പാദന രംഗത്തെ ആഗോള ഭീമന്മാരായ ജോൺസൺ ആന്റ് ജോൺസണ് വൻ തുക പിഴ ചുമത്തി അമേരിക്കൻ കോടതി. മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ വിപണനത്തിലൂടെ യുഎസ് ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റി എന്ന കേസിലാണ് വിധി. 4,119 കോടി രൂപയാണ് പിഴ ചുമത്തിയത്. 

മരുന്നുൽപ്പാദനരംഗത്തെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിധിയിലൂടെയാണ് ഒക്‍ലഹോമ കോടതി ജോൺസൺ ആന്റ് ജോൺസണ് ചരിത്രത്തിലെ വലിയ പിഴകളിൽ ഒന്ന് ചുമത്തിയത്. ജോൺസൺ പുറത്തിറക്കുന്ന ഡ്യൂറാജെസിക്, ന്യൂസെന്റാ എന്നീ വേദനാസംഹരികൾ അമേരിക്കൻ ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റുന്നു എന്നായിരുന്നു കേസ്. 

ഈ വേദനസംഹാരികളിൽ അടങ്ങിയിട്ടുള്ള മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 99നും 2017നും ഇടയിൽ നാലുലക്ഷത്തോളം മരണങ്ങൾ സംഭവിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷന്റെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു വാദങ്ങൾ.

ഇത് മുഖവിലക്കെടുത്താണ് ഒക്‍ലഹോമ കോടതിയുടെ വിധി. അമിതമായ പരസ്യങ്ങളിലൂടെ ജോൺസൺ ആന്റ് ജോൺസൺ ഡോക്ടർമാരെ വരെ സ്വാധീനിച്ചുവെന്നും അതുവഴി പൊതുശല്യമായി മാറുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയിൽ ഡോക്ടർമാർ എഴുതി നൽകുന്ന പ്രിസ്ക്രിപ്ക്ഷൻ വഴി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോൺസൺ ആന്റ് ജോൺസണിന്റേത്. 

തങ്ങളുടെ മരുന്ന് വിപണിയുടെ ഒരു ശതമാനം മാത്രമേ ഉള്ളൂ എന്ന കന്പനിയുടെ വാദം കോടതി കണക്കിലെടുത്തില്ല. സമാനമായ നിരവധി കേസുകൾ യുഎസിലെ മറ്റ് കോതികളിലും ജോൺസണെതിരെയുണ്ട്. ഈ സാഹചര്യത്തിൽ വിധിക്കെതിരെ അപ്പീൽ നൽകാനാണ് ജോൺസൺ ആന്റ് ജോൺസന്റെ നീക്കം.

click me!