
തെഹ്റാന്‍: വംശനാശ ഭീഷണിയിലുള്ള ഏഷ്യന്‍ ചീറ്റപ്പുലികളെക്കുറിച്ച് പഠിക്കാനും ഡോക്യുമെന്‍ററി ചെയ്യാനുമെത്തിയ ഗവേഷണ സംഘം മരണഭീതിയില്‍. സര്‍ക്കാര്‍ സഹായത്തോടെയും അനുമതിയോടെയുമായിരുന്നു പദ്ധതി തുടങ്ങിയത്. പ്രൊജക്ടിനായി വിദേശ സഹായവും ക്യാമറയടക്കമുള്ള അത്യാധുനിക സഹായവും സ്വീകരിക്കാനും ഇറാന്‍ ഗവണ്‍മെന്‍റ് അനുമതി നല്‍കി. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങളാകെ മാറിമറിഞ്ഞിരിക്കുകയാണ്. ഗവേഷണ സംഘത്തിന്‍റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ ഗവണ്‍മെന്‍റ് ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചു.
ഗവേഷണ സംഘത്തിലെ നാലുപേര്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ചാരപ്രവര്‍ത്തനവും രാജ്യതാല്‍പര്യത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നുമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് നാല് പേര്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവും. ഇവര്‍ക്കെതിരെയുള്ള വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിധി ഉടനുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
കസ്റ്റഡിയില്‍ മരിച്ച കെവോസ് സയിദ് എമാമി
കെവോസ് സയിദ് എമാമി, സാം റജാബി, ഹൗമാന്‍ ജൊകര്‍, നിലൗഫര്‍ ബയാനി, മോറാദ് തെഹ്ബാസ്, തഹര്‍ ഗദ്‍രിയാന്‍, അമിര്‍ ഹൊസെയ്ന്‍ കലേഖി, സെപിദേ കഷാനി, അബ്ദുല്‍ റെസ കൗപേയ്ഹ് എന്നിവരെയാണ് കുറ്റമാരോപിച്ച് പിടികൂടിയത്. പേര്‍ഷ്യന്‍ വൈല്‍ഡ് ലൈഫ് ഹെറിറ്റേജ് ഫൗണ്ടേഷനിലെ അംഗങ്ങളാണ് പിടിയിലായ എല്ലാവരും. ഇറാനിയന്‍ പൗരന്മാരാണ് പിടിയിലായ ഗവേഷകര്‍. കനേഡിയന്‍ പൗരത്വമുള്ള ഒമ്പതംഗ സംഘത്തിലെ തലവന്‍ കെവോസ് സയിദ് എമാമി കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു. എന്നാല്‍, എമാമിയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ഇറാനില്‍ ശാസ്ത്രജ്ഞര്‍ക്കെതിരെയും അക്കാദമിക് പണ്ഡിതര്‍ക്കെതിരെയും അനാവശ്യമായി കുറ്റം ചുമത്തുന്ന പ്രവണത വര്‍ധിക്കുകയാണെന്ന് ഇവരുടെ അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ വിമര്‍ശമുയര്‍ന്നു. എന്തെങ്കിലും വിദേശ ബന്ധമുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണെന്നും വിമര്‍ശകര്‍ ആരോപിച്ചു. ഇറാനിലെ പാരിസ്ഥിതിക വിഷയം ഉന്നയിക്കുന്നവര്‍ക്കുനേരെയും കര്‍ശന നടപടിയാണ് ഗവണ്‍മെന്‍റ് സ്വീകരിക്കുന്നത്. ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് ലോകത്തെ മുന്നൂറോളം ശാസ്ത്രജ്ഞര്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
ഏഷ്യന്‍ ചീറ്റപ്പുലി
ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം തെളിയിക്കാന്‍ ഹാജരാക്കിയ തെളിവുകള്‍ വ്യാജമാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇരട്ടപൗരത്വമുള്ളവരെയും കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുകയാണെന്നും ആരോപണമുയര്‍ന്നു. ഇറാനിലെ ഏഷ്യന്‍ ചീറ്റപ്പുലികളുടെ നാശത്തെക്കുറിച്ച് പഠിക്കാനും വീഡിയോ രേഖകള്‍ പകര്‍ത്താനുമാണ് പേര്‍ഷ്യന്‍ വൈല്‍ഡ് ലൈഫ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ തീരുമാനിച്ചത്. ഖനികളുടെ വ്യാപനവും റോഡ് നിര്‍മാണവും ചീറ്റകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ ഇല്ലാതാക്കിയെന്നും 50ല്‍ താഴെ ചീറ്റകള്‍ മാത്രമാണ് ഇപ്പോള്‍ ഇറാനിലുള്ളതെന്നും സംഘം വിലയിരുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam