
വാഷിംഗ്ടണ്‍: ഇറാന്‍ സ്‌കൂളില്‍ കുട്ടികളടക്കം 182 പേരുടെ മരണത്തിനിടയാക്കിയ യുഎസ് സൈനിക ആക്രമണത്തിന് പിന്നില്‍ സൈനിക കമാന്‍ഡര്‍മാരുടെ ഗുരുതരമായ വീഴ്ചയെന്ന് വെളിപ്പെടുത്തല്‍. തങ്ങള്‍ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന മുന്നറിയിപ്പുകള്‍ മുതിര്‍ന്ന യുഎസ് സൈനിക കമാന്‍ഡര്‍മാര്‍ അവഗണിച്ചതായി യുഎസ് ചാനലായ സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 28-ന് തെക്കന്‍ ഇറാനിലെ മിനാബിലുള്ള ഷജറ ത്വയ്യിബ പ്രൈമറി സ്‌കൂളിന് നേരെയാണ് യുഎസിന്റെ ടോമാഹോക്ക് മിസൈലാക്രമണമുണ്ടായത്. ആക്രമണത്തില്‍ 168 കുട്ടികളും 14 അധ്യാപകരും കൊല്ലപ്പെട്ടിരുന്നു.
ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തില്‍, അതിവേഗം ആക്രമണങ്ങള്‍ നടത്താനുള്ള വെപ്രാളത്തിലാണ് കമാന്‍ഡര്‍മാര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കാലപ്പഴക്കമുള്ളതാണെന്നും അവ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നുമുള്ള മുന്നറിയിപ്പുകള്‍ പെന്റഗണിന്റെ ടാര്‍ഗെറ്റിംഗ് സിസ്റ്റം നല്‍കിയിരുന്നു. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ സുരക്ഷാ നിര്‍ദ്ദേശങ്ങളെ മറികടന്ന് ആക്രമണത്തിന് അനുമതി നല്‍കുകയായിരുന്നു. ആക്രമണം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ തങ്ങള്‍ക്ക് പറ്റിയ തെറ്റ് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നു.
2013-ലെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം ഈ സ്‌കൂളും തൊട്ടടുത്തുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ താവളവും ഒരേ കോമ്പൗണ്ടിന്റെ ഭാഗമായിരുന്നു. എന്നാല്‍ 2016-ല്‍ ഇവിടെ മതില്‍ നിര്‍മ്മിച്ച് സ്‌കൂളിനെ സൈനിക താവളത്തില്‍ നിന്ന് പൂര്‍ണ്ണമായി വേര്‍തിരിച്ചു. പെന്റഗണിന്റെ ഡാറ്റാബേസില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വിവരങ്ങളാണ് ഉണ്ടായിരുന്നത്. യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ മൊബൈല്‍ മിസൈല്‍ കേന്ദ്രങ്ങള്‍ പോലുള്ള ലക്ഷ്യസ്ഥാനങ്ങളുടെ വിവരങ്ങള്‍ പുതുക്കാന്‍ മാത്രമാണ് സൈന്യത്തിന് സാധിച്ചത്. സ്‌കൂള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ താഴത്തെ തട്ടിലായതിനാല്‍ ഇവയുടെ വിവരങ്ങള്‍ പുതുക്കിയിരുന്നില്ല.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതിന്റെ തീരുമാനങ്ങളും ഈ വന്‍ ദുരന്തത്തിന് ആക്കം കൂട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യത്തിന് കൂടുതല്‍ വേഗതയും മാരകശേഷിയും നല്‍കുന്നതിനായി നിയമപരമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന നയമാണ് ഹെഗ്‌സെത് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി സിവിലിയന്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രത്യേക വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം 90 ശതമാനത്തിലധികം വെട്ടിക്കുറച്ചു. സെന്‍ട്രല്‍ കമാന്‍ഡില്‍ ഉണ്ടായിരുന്ന പത്തംഗ വിദഗ്ദ്ധ സംഘത്തെ ഒരാളിലേക്ക് ചുരുക്കിയതും ഇത്തരം ഒരു ദുരന്തം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെടാന്‍ കാരണമായി.
ആക്രമണം നടന്നയുടന്‍ ഇതിന് പിന്നില്‍ ഇറാന്‍ തന്നെയാകാമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചത്. എന്നാല്‍, മിസൈല്‍ അവശിഷ്ടങ്ങള്‍ യുഎസിന്റേതാണെന്ന് വിദഗ്ദ്ധര്‍ സ്ഥിരീകരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പെന്റഗണ്‍ അന്വേഷണം ആരംഭിച്ചെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam