പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍. ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചു യു എ ഇ.ഇറാനുമായി ഒപ്പുവെച്ചിരുന്ന താല്‍ക്കാലിക ധാരണാപത്രം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുന്നതിനിടെ പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍. വാഷിംഗ്ടണ്‍ മുന്‍പ് ഒപ്പുവെച്ച കരാറുകള്‍ ലംഘിച്ചതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദക്ഷിണ ഇറാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളും, ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനവുമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ഇതോടൊപ്പം ലെബനനില്‍ യുദ്ധ തുടരുകയും ചെയ്‌തോടെ മുന്‍പ് ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ അടിസ്ഥാന ശിലകള്‍ തകര്‍ന്നതായി ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള ശിക്ഷയാണ് പുതിയ സൈനിക നടപടിയെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം.

അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ബഹറൈനിലും കുവൈറ്റിലുമുള്ള 85 യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇതോടെ ഇരു രാജ്യങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങി.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തെ യു എ ഇ ശക്തമായി അപലപിച്ചു. സംഘര്‍ഷം ലഘൂകരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ഇറാന് സാധിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ കപ്പലുകള്‍ക്ക് നേരെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചുണ്ടായ ആക്രമണങ്ങള്‍ ഇതിന് തെളിവാണെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേശകന്‍ അന്‍വര്‍ ഗര്‍ഗാഷ് എക്‌സിലൂടെ പ്രതികരിച്ചു.

അതേസമയം, ഇറാനുമായി ഒപ്പുവെച്ചിരുന്ന താല്‍ക്കാലിക ധാരണാപത്രം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് ട്രംപിന്റെ നിര്‍ണായക പ്രതികരണം. 'ഇനി അവരുമായി ചര്‍ച്ച നടത്തുന്നത് വെറും സമയനഷ്ടമാണ്. ആ ക്യാന്‍സര്‍ നമ്മള്‍ തുടക്കത്തിലേ മുറിച്ചു മാറ്റേണ്ടതായിരുന്നു. എനിക്ക് ഇപ്പോള്‍ തോന്നുന്നതും അതുതന്നെയാണ്.'-ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ഷ്ട കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്ത ഇറാന്റെ നിലപാടുകളെ കടുത്ത ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്. നയതന്ത്ര ചര്‍ച്ചകള്‍ക്ക് പകരം സ്വന്തം രീതിയില്‍ യുഎസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടികള്‍ പൂര്‍ണ്ണമായും തകര്‍ച്ചയുടെ വക്കിലാണെന്നാണ് നിലവിലെ പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.