
ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധഭീതി വീണ്ടും ഉയർന്നിരിക്കെ ഹോർമുസ് കടലിടുക്കിന് സമീപം ഒൻപത് ഇന്ത്യൻ കപ്പലുകൾ അവശേഷിക്കുന്നതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇവയിലായി ആകെ 198 ഇന്ത്യൻ ജീവനക്കാരാണുള്ളത്. ഈ ഒൻപത് കപ്പലുകളും അവിടെ കുടുങ്ങിക്കിടക്കുകയല്ലെന്നും മേഖലയിലെ സാധാരണ രീതിയിലുള്ള വ്യാപാര-വാണിജ്യ ആവശ്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം മേഖലയിൽ വീണ്ടും സംഘർഷം ആരംഭിച്ചതോടെ ആശങ്കയിലാണ് ഇന്ത്യൻ നാവികരുടെ കുടുംബങ്ങൾ.
പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം 50 കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി ഇന്ത്യയിലേക്ക് ചരക്കുകളുമായി എത്തിയത്. ഇതിൽ 18 എണ്ണം ഇന്ത്യൻ പതാകയുള്ള കപ്പലുകളും 32 എണ്ണം വിദേശ കപ്പലുകളുമായിരുന്നു. സുരക്ഷിതമായി ഹോർമുസ് കടന്ന കപ്പലുകളിൽ 19 എണ്ണവും വലിയ തോതിൽ ചരക്കുകൾ കൊണ്ടുപോകുന്ന ബൾക് കാരിയറുകളാണ്. കൂടാതെ എൽ.പി.ജി വഹിച്ചുള്ള 14 കപ്പലുകളും, 12 ക്രൂഡ് ഓയിൽ ടാങ്കറുകളും, രണ്ട് എൽ.എൻ.ജി കാരിയറുകളും, ഒരു കണ്ടെയ്‌നർ കപ്പലും ഇതിൽ ഉൾപ്പെടുന്നു. യുദ്ധം കണക്കിലെടുത്ത് ഈ റൂട്ടിൽ പുതിയ കപ്പലുകൾ അയക്കുന്ന കാര്യത്തിൽ ഷിപ്പിംഗ് കമ്പനികൾ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam