
മുസാഫറാബാദ്: പാക് അധീന കശ്മീരിൽ നിരോധിച്ച ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും പാകിസ്താൻ സുരക്ഷാ സേനയും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ മരണം 30 കടന്നു. ആക്രമണത്തിൽ 200ൽ അധികം പേർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലകോട്ട് നഗരത്തിൽ ജൂൺ 9-ന് പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ഹർത്താലിന് മുന്നോടിയായാണ് പ്രദേശത്ത് വലിയ തോതിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറിയത്. പാകിസ്ഥാനിലെ സാമ്പത്തിക-രാഷ്ട്രീയ അവഗണനകൾക്കെതിരെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പ്രമുഖ സിവിൽ സൊസൈറ്റി സഖ്യമായ 'ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ(ജെഎഎസി) നിരോധിച്ചതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
അക്രമങ്ങളെ തുടർന്ന് പാക് അധീന കശ്മീരിൽ ഉടനീളം കടുത്ത നിയന്ത്രണങ്ങളും മൊബൈൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിരിക്കുകയാണ്. അക്രമികളുടെ വെടിയേറ്റ് 4 പൊലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടു. തുടർന്ന് സുരക്ഷാ സേന നടത്തിയ തിരിച്ചടിയിലാണ് 30ലേറെ പേർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് പ്രാദേശിക ഭരണകൂടം ജെഎഎസിക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇതിനിടെ, കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു വ്യാപാരി വെടിയേറ്റ് മരിച്ചു. തുടർന്ന് ഞായറാഴ്ച സംഘർഷം രൂക്ഷമാകുകയായിരുന്നു.
കൊല്ലപ്പെട്ട വ്യാപാരിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി മോർച്ചറിക്ക് മുന്നിൽ ഒത്തുകൂടിയ ജെഎഎസി പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോഴാണ് അക്രമമുണ്ടായതെന്ന് രവാലകോട്ട് കമ്മീഷണർ സർദാർ വാഹിദ് ഖാൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. 'പ്രതിഷേധക്കാർ സുരക്ഷാ സേനയ്ക്ക് നേരെ ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തി. തുടർന്ന് ക്രമസമാധാനപാലകർ നടത്തിയ തിരിച്ചടിയിലാണ് ആറ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടത്'- കമ്മീഷണർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം സ്ഥിരീകരിച്ചു.
എന്നാൽ പാകിസ്ഥാൻ സർക്കാർ തങ്ങളുടെ ആളുകളെ കൂട്ടക്കൊല ചെയ്യുകയാണെന്നാണ് ജെഎഎസി നേതാക്കൾ ആരോപിക്കുന്നു. ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണ് മരണസംഖ്യയെന്ന് പ്രദേശവാസികളും ജെഎഎസി അനുകൂലികൾ ആരോപിച്ചു. കടുത്ത വിലക്കയറ്റം, വൈദ്യുതി ക്ഷാമം, തൊഴിലില്ലായ്മ, പ്രദേശത്തെ വിഭവങ്ങൾ പാകിസ്ഥാൻ ചൂഷണം ചെയ്യുന്നു എന്നിവ ആരോപിച്ച് കഴിഞ്ഞ രണ്ട് വർഷമായി ഈ സംഘടന വൻ പ്രതിഷേധങ്ങൾ നടത്തിവരികയായിരുന്നു. ജൂലൈ 27-ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, കശ്മീരിന് പുറത്ത് പാകിസ്താന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന അഭയാർത്ഥികൾക്കായി 45-ൽ 12 സീറ്റുകൾ സംവരണം ചെയ്യാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രധാന പ്രതിഷേധം. ഇത് പ്രാദേശിക പ്രാതിനിധ്യം ഇല്ലാതാക്കുമെന്ന് ജെഎഎസി ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam