
ഡമാസ്കസ്: സിറിയയിൽ അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 70ഓളം പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ലതാകിയയിലെ തീരദേശ പ്രവിശ്യയിലാണ് ആയുധധാരികളായ അസദ് അനുകൂലികൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (SOHR) ആണ് വാർത്ത പുറത്തുവിട്ടത്.
ലതാകിയ പ്രവിശ്യയിലെ ജബ്ലെ എന്ന പട്ടണത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പർവതപ്രദേശമായ തീരപ്രദേശത്ത് സംഘടിച്ച അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അസദ് അനുകൂലികളെ രാജ്യത്തുനിന്ന് വേരോടെ പിഴുതെറിയുമെന്ന് സുരക്ഷാ സേന അറിയിച്ചിരുന്നു. നേരത്തെ 48 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡിസംബറിൽ വിമതർ അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ 16 സുരക്ഷാ ഉദ്യോഗസ്ഥരും 28 അസദ് അനുകൂല പോരാളികളും ഉൾപ്പെടുന്നു.
അസദ് കാലഘട്ടത്തിലെ കമാൻഡറായ സുഹൈൽ അൽ-ഹസ്സനുമായി ബന്ധമുള്ള തോക്കുധാരികൾ സുരക്ഷാ പട്രോളിംഗും ചെക്ക്‌പോസ്റ്റുകൾ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് റിപ്പോർട്ടുണ്ട്. ഇതിന് മറുപടിയായി, സേന ലതാക്കിയയിലെ ഒരു ഗ്രാമത്തിൽ ഹെലികോപ്റ്റർ ആക്രമണം നടത്തി.
'ദി ടൈഗർ' എന്ന് വിളിപ്പേരുള്ള സുഹൈൽ അൽ-ഹസ്സൻ, അസദിന്റെ കീഴിൽ ഒരു പ്രധാന സൈനിക കമാൻഡറായിരുന്നു, 2015-ൽ വിമതർക്കെതിരായ പ്രധാന യുദ്ധങ്ങളിൽ പ്രത്യേക സേനയെ നയിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ജബ്ലെയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ജബ്ലെ മേഖലയിലേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സന സ്ഥിരീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam