
ആലപ്പുഴ: കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് നിരപരാധിയായ സ്ത്രീയുടെ ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് പൊലീസ്. മനുഷ്യാവകാശ കമ്മീഷൻ അംഗം വി ഗീത ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ഇക്കാര്യമറിയിച്ചത്. പരാതിക്കാരിയായ വടശേരിക്കര സ്വദേശിനി മായയുടെയും എതിർകക്ഷിയുടെയും മൊഴി രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
നൂറനാട് പഞ്ചായത്തിലെ പൊതുപ്രവർത്തകനായ എതിർകക്ഷിക്ക് പരാതിക്കാരിയെ മുൻപരിചയമില്ല. ഒരു സുഹൃത്ത് അയച്ചുകൊടുത്ത കുട്ടിയുടെയും പരാതിക്കാരിയുടെയും ഫോട്ടോ ഇയാൾ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട പൊലീസ് പരാതിക്കാരിയെ കണ്ടെത്തുകയും ഇവർ നിരപരാധിയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഇതോടെ എതിർകക്ഷി പരാതിക്കാരിയെ കണ്ട് മാപ്പുപറയുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കുഞ്ഞിനെ കണ്ടെത്തണമെന്ന നല്ല ഉദ്ദേശത്തോടെയാണ് പോസ്റ്റിട്ടതെന്നും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയാത്തതിനാൽ കോടതി മുഖാന്തരം പരിഹാരം കാണാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതിക്കാരി സിറ്റിങ്ങിൽ ഹാജരാകാത്ത സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam