ഇന്ത്യയെ വീണ്ടും 26/11 മോഡലിൽ ആക്രമിക്കും, 'കടലിൽ ജാഗ്രത'; ലഷ്കറെ തൊയ്ബയുടെ ഭീഷണി, സെയ്ഫുള്ള കസൂരിയുടെ വീഡിയോ

Published : Feb 24, 2026, 04:31 PM IST
saifullah kasuri

Synopsis

ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും ഇടമുണ്ടാകില്ലെന്നും ഇത് ദൈവഹിതമാണെന്നും ലഷ്കറെ തൊയ്ബ നേതാവ് വീഡിയോയിൽ പറയുന്നുണ്ട്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ 'അതിക്രമം' എന്നാണ് കസൂരി വിശേഷിപ്പിച്ചത്.

ദില്ലി: ഇന്ത്യയ്ക്കെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ ഭീഷണി. 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്നാണ് ഭീഷണി. ലഷ്കറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫും, 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ സെയ്ഫുള്ള കസൂരിയാണ് ഭീഷണി വീഡിയോ പുറത്തുവിട്ടത്. പാകിസ്ഥാൻ 2025ൽ ആകാശത്ത് ആധിപത്യം സ്ഥാപിച്ചു, ഇനി 2026ൽ കടലിലും ആധിപത്യം ഉറപ്പിക്കുമെന്നാണ് കസൂരി വീഡിയോയിൽ അവകാശപ്പെടുന്നത്. ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും ഇടമുണ്ടാകില്ലെന്നും ഇത് ദൈവഹിതമാണെന്നും ലഷ്കറെ തൊയ്ബ നേതാവ് വീഡിയോയിൽ പറയുന്നുണ്ട്.

കശ്മീരിലെ ഇന്ത്യയുടെ നടപടികൾക്ക് ബലൂചിസ്ഥാനിലടക്കം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇയാൾ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ 'അതിക്രമം' എന്നാണ് കസൂരി വീഡിയോയിൽ വിശേഷിപ്പിച്ചത്. പാകിസ്ഥാൻ സൈന്യത്തിന്റെ പൂർണ്ണ പിന്തുണ തങ്ങൾക്കുണ്ടെന്നും ഇയാൾ വീഡിയോയിൽ തുറന്നു സമ്മതിക്കുന്നുണ്ട്. പാക് സർക്കാർ ഭീകര സംഘടനകൾക്ക് പിന്തുണ നൽകുന്നുവെന്ന ഇന്ത്യയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് കസൂരിയുടെ വീഡിയോ.

പാകിസ്ഥാനിലെ മുരിദ്‌കെ, ബഹാവൽപുർ എന്നിവിടങ്ങളിലെ ലഷ്കർ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ സെയ്ഫുള്ള കസൂരി പ്രകോപിതനാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 2008-ലെ മുംബൈ ആക്രമണത്തിന് ഉപയോഗിച്ച കടൽ പാത വീണ്ടും ചൂഷണം ചെയ്യാൻ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകൾ ശ്രമിച്ചേക്കാമെന്ന സൂചനയായാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ വീഡിയോ സന്ദേശത്തെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പ്. ഈ ഭീഷണി വെറും പ്രചാരണം മാത്രമാണോ അതോ ഗൗരവകരമായ ആസൂത്രണമാണോ എന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിച്ച് വരികയാണ്.

ലഷ്കറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫ് 

പാകിസ്ഥാൻ പൗരനായ സൈഫുള്ള കസൂരി ലഷ്കറെ തൊയ്ബയുടെ പ്രധാന നേതാക്കളിൽ ഒരാളാണ്. അതിർത്തി കടന്നുള്ള നിരവധി ഭീകരപ്രവർത്തനങ്ങളുടെ സൂത്രധാരനാണ് കസൂരി. ഇന്ത്യയിലടക്കം നടത്തിയ ഭീകരാക്രമണങ്ങളാണ് കസൂരിയെ ലഷ്കറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫ് എന്ന പദവിയിലെത്തിച്ചത്. ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങളിൽ ഖാലിദ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കസൂരി, എൽഇടിയുടെ ഏറ്റവും വിശ്വസ്തനായ ഫീൽഡ് കമാൻഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

100 -ൽ 100; ഉത്തര കൊറിയയിൽ വീണ്ടും ഭരണകക്ഷി നേതാവായി കിം ജോങ് ഉൻ, സഹോദരിക്ക് കൂടുതൽ അധികാരം
ട്രംപ് മുഖം കറുപ്പിച്ചു; കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ പോലും ഉപേക്ഷിച്ചു, ജനം ദുരിതത്തിൽ, ഒറ്റപ്പെട്ട് ക്യൂബ