
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്നതിനിടെ പ്രളയത്തെ ഒരു "ദൈവാനുഗ്രഹമായി" വിശേഷിപ്പിച്ച് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പ്രളയജലം അഴുക്കുചാലുകളിലേക്ക് ഒഴുക്കിവിട്ട് കളയരുതെന്നും, പകരം വീപ്പകളിലും പാത്രങ്ങളിലും ശേഖരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പാക് വാർത്താ ചാനലായ ദുനിയ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഏകദേശം 20 ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചു. ആയിരക്കണക്കിന് ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ആയിരക്കണക്കിന് ആളുകൾക്ക് വീടും കൃഷിയിടങ്ങളും നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നിസ്സാരവൽക്കരിക്കുന്ന പരാമർശങ്ങൾ.
പ്രളയം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ദുരിതത്തെ നിസ്സാരവൽക്കരിച്ച മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. എന്നാൽ, ജലസംഭരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുക മാത്രമാണ് മന്ത്രി ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നൽകുന്ന വിശദീകരണം.
കനത്ത മഴയെത്തുടർന്ന് ജൂൺ മുതൽ പാകിസ്ഥാനിൽ തുടരുന്ന വെള്ളപ്പൊക്കത്തിൽ ഇതുവരെ 800-ലധികം പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ. നദികൾ, അഴുക്കുചാലുകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സോഷ്യൽ മീഡിയയിൽ മലയാളികളടക്കം വിചിത്ര പരാമര്‍ശത്തിൽ പരിഹാസവുമായി രംഗത്തെത്തി. പാക് പ്രതിരോധ മന്ത്രിയുടെ കിളി പോയി സാറെ തുടങ്ങിയ ട്രോളുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുകഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam