
ഇസ്ലാമാബാദ്: തീവ്രവാദിയെ സാധാരണക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച് ചാനൽ ചർച്ചയിൽ വെളളം കുടിച്ച് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖർ. ഹിന പറഞ്ഞത് കള്ളമാണെന്ന് അവതാരകൻ തത്സമയം തെളിയിച്ചു. അൽ ജസീറയിലെ അഭിമുഖത്തിലാണ് സംഭവം.
മെയ് 7-ന് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്, അമേരിക്ക ഭീകരനെന്ന് പ്രഖ്യാപിച്ച ഹാഫിസ് അബ്ദുർ റൗഫ് ആണ്. ഇത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവേ ആ റൗഫ് ഭീകരനല്ലെന്നും പാകിസ്ഥാനിൽ ലക്ഷക്കണക്കിന് അബ്ദുൾ റൗഫുമാരുണ്ട് എന്നുമായിരുന്നു ഹിനയുടെ മറുപടി. ചിത്രത്തിലുള്ളയാൾ യുഎസ് തിരയുന്ന, ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധമുള്ള ആളല്ലെന്ന് ഹിന തറപ്പിച്ചുപറഞ്ഞു.
"ഈ മനുഷ്യൻ നിങ്ങൾ (ഇന്ത്യ) പറയുന്ന ആളല്ലെന്ന്, ആധികാരികമായി ഞാൻ പറയുന്നു"- എന്നാണ് ഹിന പറഞ്ഞത്. എന്നാൽ ചിത്രത്തിലുള്ളയാൾ അമേരിക്ക തിരയുന്ന ഭീകരനാണെന്ന് അവതാരകൻ തെളിവുകൾ നിരത്തി. പാക് സൈന്യം പുറത്തുവിട്ട ഇയാളുടെ ദേശീയ തിരിച്ചറിയൽ നമ്പറും യുഎസ് ഭീകര പട്ടികയിലെ തിരിച്ചറിയൽ നമ്പറും ഒന്നാണെന്ന് അവതാരകൻ ചൂണ്ടിക്കാട്ടി. തെളിവുകൾക്ക് മുന്നിൽ കുഴങ്ങിയ ഹിന, പാകിസ്ഥാൻ സൈന്യം പറയുന്ന വ്യക്തിയും യുഎസ് കരിമ്പട്ടികയിലുള്ള വ്യക്തിയും രണ്ടാണെന്ന് സ്ഥാപിക്കാൻ വീണ്ടും ശ്രമിച്ചു.
"പാകിസ്ഥാൻ സൈന്യം ഫോട്ടോയിലുള്ള വ്യക്തിയെ ന്യായീകരിച്ചിട്ടുണ്ട്. എന്നാൽ യുഎസ് പട്ടികയിലുള്ള വ്യക്തിയെ പാകിസ്ഥാൻ സൈന്യം ന്യായീകരിക്കുന്നില്ല" എന്നായിരുന്നു ഹിനയുടെ വാദം. പക്ഷേ പാക് സൈന്യം പുറത്തിറക്കിയ തിരിച്ചറിയൽ കാർഡിലെ നമ്പറും യുഎസ് ഭീകര പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ള ഐഡി നമ്പറും സമാനമാണെന്ന വസ്തുത നിഷേധിക്കാൻ ഹിനയ്ക്ക് സാധിച്ചില്ല. 26/11 ആക്രമണത്തിന്‍റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായ റൗഫ്, നിരോധിത ലഷ്‌കർ-ഇ-ത്വയ്ബയുടെ അനുബന്ധ സംഘടനയായ ഫലാഹ്-എ-ഇൻസാനിയാത്ത് ഫൗണ്ടേഷന്‍റെ മുൻ തലവനാണ്.