
ഇസ്ലാമാബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 18 സുരക്ഷാ ഉദ്യോഗസ്ഥരും 23 ഭീകരരും കൊല്ലപ്പെട്ട ബലൂചിസ്ഥാനിൽ പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ സയ്യിദ് അസിം മുനീർ സന്ദർശിച്ചതായി റിപ്പോർട്ട്. മുതിർന്ന സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോടൊപ്പമാണ് സൈനിക മേധാവി സന്ദർശനത്തിനെത്തിയത്. ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി, ഗവർണർ ഷെയ്ഖ് ജാഫർ ഖാൻ മണ്ടോഖൈൽ എന്നിവർക്കൊപ്പം സൈനികരുടെ ശവസംസ്കാര ചടങ്ങിൽ പ്രാർഥനകൾ നടത്തുകയും പരിക്കേറ്റ സൈനികരെ ക്വറ്റയിലെ സംയുക്ത സൈനിക ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തതായി പാകിസ്ഥാൻ മിലിട്ടറിയുടെ മീഡിയ വിംഗ് ഇൻ്റർ സർവീസസ് പബ്ലിക് റിലേഷൻസ് റിപ്പോർട്ട് ചെയ്തു.
'ഭ്രാന്തന്മാർ' എന്ത് ചെയ്താലും, രാജ്യത്തിൻ്റെയും അതിൻ്റെ സായുധ സേനയുടെയും പ്രതിരോധശേഷിയാൽ തീർച്ചയായും പരാജയപ്പെടുമെന്നും ജനറൽ മുനീർ പറഞ്ഞു. ബലൂചിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള സൈന്യത്തിൻ്റെ ദൃഢനിശ്ചയം അദ്ദേഹം ഊന്നിപ്പറഞ്ഞു.
പാക്കിസ്ഥാൻ്റെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 18 സുരക്ഷാ ഉദ്യോഗസ്ഥരും 23 ഭീകരരും കൊല്ലപ്പെട്ടിരുന്നു. നിരോധിത തീവ്രവാദി സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ ഗ്രൂപ്പ് സർക്കാരുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചതിന് ശേഷം ഭീകരാക്രമണങ്ങൾ വർദ്ധിച്ചു. ഇതുവരെ, മൊത്തം 444 ഭീകരാക്രമണങ്ങൾക്കിടയിൽ കുറഞ്ഞത് 685 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു.