വസ്ത്രധാരണം ശരിയല്ല; വിമാന അപകടത്തില്‍ കൊല്ലപ്പെട്ട പാക്‌മോഡലിനെതിരേ സദാചാര പൊലീസിങ്

By Web TeamFirst Published May 26, 2020, 6:38 PM IST
Highlights

മതത്തെ നിഷേധിക്കുന്നുവെന്നും ശരീരം പ്രദര്‍ശിപ്പിക്കുന്ന വിധത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നുവെന്നുമൊക്കെയാണ് സാറയുടെ ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകള്‍.

കറാച്ചി: മരണത്തിന് ശേഷവും ധരിച്ച വസ്ത്രങ്ങളുടെ പേരില്‍ മരണശേഷവും സദാചാര പൊലീസിങ്ങിനിരയായി കറാച്ചി വിമാന അപകടത്തില്‍ കൊല്ലപ്പെട്ട പാകിസ്ഥാനി മോഡല്‍ സാറാ ആബിദ്. സാറ മരിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ വലിയ സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. സാറയുടെ മരണകാരണം വസ്ത്രധാരണവും അധാര്‍മിക ജീവിതവുമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സാറയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകള്‍ നിറയുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം അപകടത്തില്‍പ്പെടുന്നത്. 91 ഓളം യാത്രികരെയും എട്ട് ക്രൂ മെമ്പര്‍മാരെയും വഹിച്ച് ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പി.കെ8303 വിമാനം ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ്  അപകടത്തില്‍പ്പെടുകയായിരുന്നു. സാറയുടെ സുഹൃത്തുക്കളാണ്  മരണവിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് സാറയുടെ സമൂഹ് മാധ്യമ അക്കൗണ്ടുകളില്‍ സദാചാര കമന്‍റുകള്‍ നിറഞ്ഞത്.

സൗന്ദര്യ സങ്കല്‍പങ്ങളെ കാറ്റില്‍ പറത്തി മോഡലിങ് രംഗം കീഴടക്കിയ താരമായിരുന്നു സാറ ആബിദ്. ഇരുണ്ട നിറക്കാര്‍ക്കു മുന്നില്‍ മോഡലിങ്ങിന്റെ വാതില്‍ കൊട്ടിയടക്കപ്പെടില്ലെന്നതിന് ഉദാഹരണമാകണം താന്‍ എന്ന്  സാറ അഭിമുഖങ്ങളി‍ എപ്പോഴും പറഞ്ഞിരുന്നു. സാറ മതത്തെ നിഷേധിക്കുന്നുവെന്നും ശരീരം പ്രദര്‍ശിപ്പിക്കുന്ന വിധത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നുവെന്നുമൊക്കെയാണ് കമന്റുകള്‍ നിറയുന്നത്. തന്റെ  തെരഞ്ഞെടുപ്പുകളുടെ പേരില്‍ മരണാനന്തരം സാറ ശിക്ഷിക്കപ്പെടുമെന്നും കമന്റുകളുണ്ട്. സാറ ധരിക്കുന്ന വസ്ത്രങ്ങള്‍ നിന്ദ്യമാണെന്നും, ശരീരം പ്രദര്‍ശിപ്പിക്കുന്നതിനെതിരെയും കമന്‍റുകള്‍ ഉണ്ട്.

വിമാന അപകടത്തിന്  മൂന്നു ദിവസം മുമ്പാണ് സാറ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തത്. ആ ചിത്രവും വൈറലായിരുന്നു. വിമാനത്തില്‍ ഇരിക്കുന്ന ചിത്രമാണ് സാറ  പോസ്റ്റ് ചെയ്തത്. ''ഉയരെ പറക്കുക' എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം. നിലവില്‍ സാറയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളൊന്നും ലഭ്യമല്ല, തുടര്‍ച്ചയായ അധിഷേപങ്ങളുടെ ഭാഗമായി സൈറ്റുകള്‍ തന്നെ പിന്‍വലിച്ചതാകാമെന്നും അതോ കുടുംബം പിന്‍വലിച്ചതാകാമെന്നുമാണ് നിഗമനം. 

click me!