
ജെനീവ: കൊവിഡ് 19 രോഗത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി തടഞ്ഞ് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയത്.
കൊവിഡ് 19ന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച പഠനം പുറത്തുവന്നിരുന്നു. അതുകൊണ്ട് തന്നെ മരുന്നിന്റെ സുരക്ഷയില്‍ പുനപരിശോധന വേണ്ടിവരുമെന്നും ഹൈഡ്രോക്‌സിക്ലോറോക്വിന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിനെ ഡബ്ല്യുഎച്ച്ഒ പിന്തുണക്കുകയാണെന്നും സംഘടന ഡയറക്ടര്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
ചില രാജ്യങ്ങള്‍ കൊവിഡ് 19ന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നായി ഇപ്പോഴും നല്‍കുന്നുണ്ട്. ചില രാജ്യങ്ങള്‍ മുന്‍കരുതലിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മരുന്ന് നല്‍കുന്നുണ്ട്. എന്നാല്‍, മലേറിയക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിന് ഫലപ്രദമാണെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളുമില്ല. ചൈനയില്‍ മരുന്ന് കഴിച്ച് ചിലര്‍ക്ക് രോഗം ഭേദമായെന്ന് അവകാശവാദത്തെ തുടര്‍ന്നാണ് മരുന്ന് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. ഇന്ത്യയിലാണ് മരുന്നിന്റെ കൂടുതല്‍ ഉല്‍പാദനം.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യ വിട്ടു തന്നില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് കയറ്റുമതി നിരോധനം നീക്കി ഇന്ത്യ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കി. കഴിഞ്ഞ ആഴ്ചയാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉപയോഗം മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് ലാന്‍സെറ്റില്‍ പഠനം പ്രസിദ്ധീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam