
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (UNGA) 80-ാമത് ഉന്നതതല സമ്മേളനം നടക്കുന്നതിനിടെയാണ് ഇരുവരും നേരിൽക്കണ്ടത്. ട്രംപും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ആതിഥേയത്വം വഹിച്ച അറബ് ഇസ്ലാമിക നേതാക്കളുടെ ഒത്തുചേരലിനിടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഉച്ചകോടി അവസാനിച്ചതിന് ശേഷം ട്രംപുമായി അനൗപചാരിക സംഭാഷണത്തിൽ ഏർപ്പെട്ടു എന്ന തലക്കെട്ടിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉന്നതതല യുഎൻജിഎ സമ്മേളനത്തിലേക്കുള്ള പാകിസ്ഥാൻ പ്രതിനിധി സംഘത്തെ ഷെരീഫ് ആണ് നയിച്ചത്. വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ, മറ്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ഷെരീഫിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കുമെന്ന് കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മുനീർ യോഗത്തിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമാണ്.
വർഷങ്ങളായി നയതന്ത്രപരമായി അത്ര അടുപ്പത്തിലായിരുന്നില്ല അമേരിക്കയും പാകിസ്ഥാനും. മെയ് മാസത്തിൽ ഇന്ത്യയുമായുള്ള സൈനിക സംഘർഷത്തിനിടെ ട്രംപ് സമാധാനത്തിനായി ഇടപെടൽ നടത്തിയെന്ന് പാകിസ്ഥാൻ അംഗീകരിച്ചതോടെ യുഎസ്-പാകിസ്ഥാൻ ബന്ധം കൂടുതൽ മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇത് തികച്ചും തള്ളിക്കളയുകയായിരുന്നു ഇന്ത്യ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam