
ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യുഎൻ പ്രഖ്യാപിച്ച ഭീകരനുമായ ഹാഫിസ് സയിദിന്റെ മകൻ പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നെന്ന് റിപ്പോർട്ട്. ഹാഫിസ് സയിദുമായി അടുപ്പമുള്ളവർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് (പിഎംഎംഎൽ) സ്ഥാനാർഥിയായാണ് മത്സരിക്കുകയെന്ന് പാക് ഇംഗ്ലീഷ് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിലെ ഓരോ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയെന്നാണ് റിപ്പോർട്ട്.
ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ് ദേശീയ അസംബ്ലി മണ്ഡലമായ NA-127, ലാഹോറിൽ നിന്നായിരിക്കും ജനവിധി തേടുക. യുഎൻ പ്രഖ്യാപിച്ച ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ (എൽഇടി) സ്ഥാപകനായ ഹാഫിസ് സയിദ് നിരവധി തീവ്രവാദ ധനസഹായ കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2019 മുതൽ ജയിലിൽ കഴിയുകയാണ്.
സയിദിന് അമേരിക്ക 10 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കറെ തൊയ്ബയുടെ (എൽഇടി) പോഷക സംഘടനയാണ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള നിരോധിത ജമാഅത്ത് ഉദ് ദവ (ജെയുഡി).
കസേരയാണ് പിഎംഎംഎല്ലിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. ദേശീയ, പ്രവിശ്യാ അസംബ്ലി സീറ്റുകളിൽ മിക്കയിടത്തും പാർട്ടി മത്സരിക്കുന്നുണ്ടെന്ന് പി എംഎംഎൽ പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അഴിമതി തുടച്ച് നീക്കാനും ജനങ്ങളെ സേവിക്കാനും പാക്കിസ്ഥാനെ ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കാനുമാണ് മത്സരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
Read More.... പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നിൽ മണിപ്പൂർ ചർച്ചയായില്ലെന്നത് പ്രധാനപ്പെട്ട കാര്യം: സാദിഖലി തങ്ങൾ
അതേസമയം, ഖാലിദ് മസൂദ് സിന്ധു മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ NA-130 ലാഹോറിൽ മത്സരിക്കും. ഹാഫിസ് സയീദുമായോ അദ്ദേഹത്തിന്റെ സംഘടനയുമായോ പിഎംഎംഎല്ലിന് ബന്ധമില്ലെന്ന് സിന്ധു വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പാർട്ടിക്ക് ഹാഫിസ് സയീദിന്റെ പിന്തുണയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam