
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 30 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിലാണ് വെള്ളിയാഴ്ച പാക് സൈന്യം ആക്രമണം നടത്തിയത്. സ്പുറ ജില്ലയിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പാക് സൈന്യം ആക്രമണം നടത്തിയത്. 26 വിമാനങ്ങൾ ഉപയോഗിച്ചാണ് മിർപാർ, മൻദേഹ്, ഷെയ്ദി, കൈ പ്രദേശങ്ങളിൽ ആക്രമണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആക്രമണം നടന്നിട്ടുണ്ടെന്ന് താലിബാൻ പൊലീസ് തലവന്റെ വക്താവ് മൊസ്താഖ്ഫർ ഗെർബ്സ് സ്ഥിരീകരിച്ചു. അതേസമയം എത്രപേർ കൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത നൽകിയില്ല. 30 പേർ കൊല്ലപ്പെട്ടെന്ന് വസീറിസ്ഥാനിലെ കിങ് ജംഷീദ് വംശജർ പറഞ്ഞു. ഗോർബ്സ് ജില്ലയിലെ മാസ്തർബെലിൽ പാക് സൈനികരും താലിബാൻ സൈനികരും ഏറ്റുമുട്ടിയിരുന്നു. അഫ്ഗാനിസ്ഥാനിലെ കിഴക്കൻ കുനാർ, തെക്കുകിഴക്കൻ ഖോസ്റ്റ് പ്രവിശ്യകളിലെ രണ്ട് പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി പാകിസ്ഥാൻ സൈന്യം വ്യോമാക്രമണം നടത്തിയെന്ന് ദൃക്സാക്ഷികളെയും പ്രാദേശിക മാധ്യമങ്ങളെയും ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
വസീറിസ്ഥാനിൽ പാക് വിരുദ്ധ ശക്തികളിൽ ചിലർ കൊല്ലപ്പെട്ടെന്ന് പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ സംഭവത്തെക്കുറിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam